ചെന്നൈ: ജയലളിതയുടെ പോയസ്ഗാര്‍ഡനിലെ വസതി വേദനിലയത്തെ ചൊല്ലി ഇനി വിവാദം കൊഴുക്കും. ഇവിടെ സൂക്ഷിച്ചിരുന്ന വസ്തുക്കളുടെ ഏകദേശ കണക്ക് തമിഴ്നാട് സര്‍ക്കാര്‍ ഇന്നലെ പുറത്ത് വിട്ടിരുന്നു. ഇതോടെ വേദനിലയത്തിന് അവകാശവാദം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാൻ അവകാശികളായ ജയലളിതയുടെ സഹോദരൻ്റെ മക്കളായ ദീപയും ദീപക്കും രംഗത്തെത്തിയിരിക്കുകയാണ്. ഇവർക്ക് നൽകാൻ 68 കോടി രൂപ നഷ്ടപരിഹാരമായി കോടതിയിൽ കെട്ടിവച്ചാണ് വേദനിലയം പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇക്കാര്യത്തിൽ എന്തു സംഭവിക്കുമെന്ന ആകാംക്ഷയിലാണ് തമിഴകം.
സർക്കാർ വേദനിലയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാനുള്ള ചര്‍ച്ചയിലാണ്. ഒപ്പം ഇതിൻ്റെ ഒരു ഭാഗം മ്യൂസിയമായി നിലനിർത്താനും ആലോചിക്കുന്നുണ്ട്. ഇവിടെ ജയലളിതയുടെ പ്രിയപ്പെട്ട ശേഖരങ്ങൾ കാണാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.
രണ്ട് പതിറ്റാണ്ടോളം ജയയുടെ നിഴലായിരുന്ന ശശികല വേദനിലയത്തിൽ നിന്നാണ് ബെംഗ്ലൂരു ജയിലിലേക്ക് പോയത്. ശിക്ഷാകാലാവധി കഴിഞ്ഞ് ഉടന്‍ പുറത്തിറങ്ങാനിരിക്കേ, കഥകളുറങ്ങാത്ത വേദനിലയം നിത്യസ്മാരകമാക്കണമെന്ന ആവശ്യവും അണ്ണാഡിഎംകെയ്ക്കുള്ളില്‍ ശക്തമാവുകയാണ്.വേദനിലയത്തെ ചുറ്റി തമിഴ് രാഷ്ട്രീയത്തിന്‍റെ കരുനീക്കങ്ങള്‍ വീണ്ടും സജീവമാവുകയാണ്.
ഏവരെയും അമ്പരിപ്പിക്കുന്നതാണ് സര്‍ക്കാര്‍ ഇന്നലെ പുറത്തുവിട്ട പ്രാഥമീക കണക്കുകൾ. നാലര കിലോയോളം സ്വര്‍ണ്ണം, 600കിലോയലധികം വെള്ളി. 11 ടിവി, 110 റഫ്രിജറേറ്ററുകൾ, 38 എയര്‍ കണ്ടിഷണറുകൾ, 29 ടെലിഫോണുകള്‍, 10438 വസ്ത്രങ്ങൾ, നൂറിലധികം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഒപ്പം 8376 പുസ്തക ശേഖരവും. കോടനാട് എസ്റ്റേറ്റിലും സിരുവത്തൂര്‍ റിസോര്‍ട്ടിലും ഇതേ പുസ്തകങ്ങളുടെ ശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ മൂന്ന് കോപ്പികള്‍ വാങ്ങുന്നതായിരുന്നു ജയയുടെ ശീലം.
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പോലെ തന്നെ അമ്പരപ്പിക്കുന്നതാണ് അവരുടെ വസതിയായിരുന്ന വേദനിലയം.
ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമെന്ന് വിശേഷിപ്പിച്ച് അമ്മ വേദവല്ലിയോടുള്ള സ്നേഹം വിളിച്ചോതിയാണ് വീടിന് വേദനിലയമെന്ന് ജയ പേരിട്ടത്. പിന്നീട് ദക്ഷിണേന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന വിലാസമായി മാറി പോയസ്ഗാര്‍ഡനിലെ ഈ വസതി. ജയയുടെ ജീവിതം പോലെ തന്നെ നിഗൂഡമായ വേദനിലയത്തിലെ വസ്തുക്കളുടെ കണക്കുകളാണ് തമിഴ്നാട് സര്‍ക്കാര്‍ ഇപ്പോള്‍ ഗസ്റ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.