മാധ്യമപ്രവര്‍ത്തകൻ്റെ കൊലപാതകം; ഉത്തര്‍പ്രദേശില്‍ ജംഗിള്‍ രാജെന്ന് മായാവതി

ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധവുമായി ബിഎസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി രംഗത്ത്. ഉത്തര്‍പ്രദേശില്‍ ജംഗിള്‍ രാജാണ് നടക്കുന്നതെന്ന് മായാവതി പറഞ്ഞു. വിക്രം ജോഷിയുടെ കുടുംബത്തിന് മായാവതി അനുശോചനമറിയിച്ചു. ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. സ്ത്രീകള്‍ക്ക് സുരക്ഷയില്ല. നിയമത്തേക്കാള്‍ ജംഗിള്‍ രാജാണ് ഇവിടെ നടക്കുന്നത്-മായാവതി ട്വീറ്റ് ചെയ്തു.

കൊറോണവൈറസിനേക്കാള്‍ കുറ്റകൃത്യങ്ങളുടെ വൈറസാണ് ഉത്തര്‍പ്രദേശിനെ ഭയപ്പെടുത്തുന്നത്. സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നും മായാവതി ആവശ്യപ്പെട്ടു. ഗാസിയാബാദില്‍ മക്കളുടെ മുന്നിലാണ് മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി വെടിയേറ്റ് കൊല്ലപ്പെട്ടത്. കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരുന്നു.

യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. രാംരാജ് വാഗ്ദാനം ചെയ്ത രാമരാജ്യത്തിന് പകരം ഗുണ്ടാരാജാണ് നടപ്പാക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. തുടര്‍ന്നാണ് മായാവതി വിമര്‍ശനവുമായി എത്തിയത്.