കോവാക്‌സിൻ ഡെല്‍ഹി എയ്ംസ്സില്‍ മനുഷ്യരിൽ ട്രയല്‍ പരീക്ഷണം തിങ്കളാഴ്ച മുതൽ

ന്യൂഡെല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിനായ കോവാക്‌സിന്റെ മനുഷ്യരിലുള്ള ട്രയല്‍ പരീക്ഷണം ഡെല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെജിക്കല്‍ സയന്‍സ് (എയ്ംസ്)ല്‍ തിങ്കളാഴ്ച്ച ആരംഭിക്കും. കോവാക്‌സിന്റെ മനുഷ്യരിലുള്ള ക്ലിനിക്കല്‍ പരീക്ഷണത്തിനു എയിംസിന്റെ എത്തിക്‌സ് കമ്മിറ്റി കഴിഞ്ഞ ദിവസം അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച്ച പരീക്ഷണം ആരംഭിക്കുന്നത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) തെരഞ്ഞെടുത്ത 12 സ്ഥാപനങ്ങളില്‍ ഡെല്‍ഹിയിലെ എയിംസും ഉള്‍പ്പെടുന്നു. ആദ്യ ഘട്ടത്തില്‍ 375 വോളന്റിയര്‍മാരില്‍ വാക്‌സിന്‍ പരിശോധിക്കും. വാക്‌സിന്‍ പരീക്ഷണം നടത്തുന്നതില്‍ 100 പേരും എയിംസില്‍ നിന്നുള്ളവരായിരിക്കും.
തിങ്കളാഴ്ച്ച ഇതിനായുള്ള എന്റോള്‍മെന്റ് പ്രക്രിയ ആരംഭിക്കുമെന്നു എയിംസ് സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ. സഞ്ജയ് റായ് പറഞ്ഞു.

ട്രയലില്‍ പങ്കെുക്കാന്‍ താല്‍പര്യമുള്ള ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും ctaiims.covid19@gmail.com ലേക്ക് ഇമെയില്‍ അയക്കുകയോ അല്ലെങ്കില്‍ എസ്.എം.എസ്. അയക്കുകയോ 7428847499 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.

ഒന്നും രണ്ടും ഘട്ടത്തില്‍ 375 വോളന്റിയര്‍മാരില്‍ 100 പേരെ മാത്രമേ എയിംസില്‍ നിന്നും പങ്കെടുക്കാനാവൂ എന്നും ബാക്കിയുള്ളവര്‍ മറ്റു സൈറ്റുകളില്‍ നിന്നും പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണത്തിനായി കുറച്ചു വോളന്റിയര്‍മാരെ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരുടെ ആരോഗ്യ പരിശോധന തിങ്കളാഴ്ച്ച ആരംഭിക്കും.മറ്റു ചില തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ഇതിനകം ട്രയൽ ആരംഭിച്ചിട്ടുണ്ട്.