ന്യൂഡെൽഹി: ലോകത്തെ നടുക്കിയ മാരക കൊറോണ വൈറസ് ഇന്ത്യയിൽ ഒരു ദശലക്ഷത്തിലധികം പേരിലേക്ക് പടർന്നതോടെ രോഗം ഏറ്റവുമധികം ബാധിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഇന്ത്യയിലെ വൈറസ് ബാധിതർ 10,38,716 ആയി. അമേരിക്കയും ബ്രസീലുമാണ്
ഇന്ത്യയ്ക്ക് മുന്നിലുള്ള ഗുരു തര വൈറസ് ബാധിതമായ രണ്ട് രാജ്യങ്ങൾ.
ഇന്ത്യയിൽ
ഒരു ദശലക്ഷം രോഗികളാകാൻ മാർച്ച് 2 മുതൽ 137 ദിവസമെടുത്തു, ആദ്യത്തെ 2.5 ലക്ഷം കേസുകൾ 98 ദിവസമെടുത്തു. രാജ്യത്ത് ഏറ്റവുമധികം കൊറോണ ബാധിതർ ഉള്ള മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി എന്നിവിടങ്ങളിലെ സംഖ്യ ഈ സമയത്ത് 57 ശതമാനം ആയിരുന്നു. മരണസംഖ്യയിൽ 58 ശതമാനവും.
മൂന്നാഴ്ച വരുന്ന അടുത്ത പാദത്തിൽ മരണസംഖ്യാ അനുപാതം 2.8 ശതമാനത്തിൽ നിന്ന് 3.1 ആയി ഉയർന്നു. മൊത്തം കേസുകളിൽ മഹാരാഷ്ട്ര, തമിഴ്നാട് ഡെൽഹി സംസ്ഥാനങ്ങളുടെ വിഹിതം 60 ശതമാനം ആയി. മരണങ്ങളിൽ ഇത് 67ശതമാനവും.
ജൂലൈ എട്ടോടെ മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി എന്നിവയുടെ വിഹിതം നേരിയ തോതിൽ 59ശതമാനമായി. മരണങ്ങളിൽ ഈ മൂന്ന് സംസ്ഥാനങ്ങളുടെ പങ്ക് 68 ശതമാനവുമായി.
ഇന്ത്യ ദശലക്ഷം കടന്ന ശനിയാഴ്ച നാലാം പാദത്തിലെത്താൻ വെറും എട്ടു ദിവസമേ എടുത്തുള്ളു. അവസാന പാദത്തിൽ മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി സംസ്ഥാനങ്ങളിലെ കേസുകൾ 55.7 ശതമാനമായി കുറഞ്ഞു
എന്നാൽ ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ഗുജറാത്ത്, കർണാടക, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.