ഹര്‍ദിക് പട്ടേലിനെ 20 ദിവസമായി കാണാനില്ലെന്ന് ഭാര്യ

അഹമ്മദാബാദ് : ഗുജറാത്തിലെ പട്ടേൽ സമുദായ സമരനായകനും കോൺഗ്രസ് നേതാവുമായ ഹർദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന് പരാതി. ഭാര്യ കിഞ്ജൽ പട്ടേലാണ് പരാതിപ്പെട്ടിരിക്കുന്നത്. പട്ടേലിന്റെ തിരോധാനത്തിൽ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നാരോപിച്ചാണ് കിഞ്ജൽ പട്ടേൽ വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.

‘പട്ടേൽ സമരത്തിന്റെ പേരിലുള്ള കേസുകൾ ചുമത്തി ഹർദിക് പട്ടേലിനെ സർക്കാർ വേട്ടയാടുകയാണ്. അന്ന് ഹർദികിനൊപ്പം സമരത്തിനുണ്ടായിരുന്ന മറ്റു നേതാക്കളുടെ പേരിൽ കേസെടുക്കുന്നില്ല. അവരിപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുകയാണ് കിഞ്ജൽ പട്ടേൽ പറഞ്ഞു.
2015ല്‍ നടന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജനുവരി 18നാണ് പട്ടേലിനെ അറസ്റ്റ് ചെയ്തത്.നാലു ദിവസത്തിനുശേഷം ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ ജനുവരി 24ന് ജാമ്യം ലഭിച്ചിരുന്നു.20 കേസുകളാണു ഹാര്‍ദിക്കിന്റെ പേരിലുള്ളത്.
അതേ സമയം ഫെബ്രുവരി 11-ന് ഡൽഹി വിജയത്തിൽ അരവിന്ദ് കെജ്രിവാളിന് ആശംസകളറിയിച്ച് ഹർദിക് പട്ടേൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി, തന്നെ ജയിലിലാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ഹർദിക് പട്ടേൽ ആരോപിച്ചിരുന്നു. നാല് വർഷം മുമ്പുള്ള സംഭവങ്ങളുടെ പേരിൽ ഗുജറാത്ത് പോലീസ് കേസുകളിൽ പ്രതിചേർത്ത്ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.