വികാസ് ദുബെയെ പിടികൂടാൻ സഹായിച്ചവർക്കുള്ള പ്രതിഫലം; യുപി സർക്കാർ മധ്യപ്രദേശിൻ്റെ അഭിപ്രായം തേടി

ഭോപ്പാല്‍: കൊടുംകുറ്റവാളി വികാസ് ദുബെയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കായി പ്രഖ്യാപിച്ച അഞ്ചു ലക്ഷംരൂപ ആര്‍ക്കു നല്‍കണമെന്ന് അറയിക്കാന്‍ മധ്യപ്രദേശ് പൊലീസിനോട് യുപി പൊലീസ് അധികൃതര്‍. മധ്യപ്രദേശിലെ ഉജ്ജയിനില്‍ വികാസ് ദുബെയെ പിടിക്കാന്‍ സഹായിച്ചത് ആരാണെന്ന് അറിയിക്കാനാണ് കത്തു മുഖേനെ യുപി പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

യുപിയില്‍ എട്ടു പൊലീസുകാരെ കൊലപ്പെടുത്തിയത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ വികാസ് ദുബൈ യുപി പൊലീസിന്റെ കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. മധ്യപ്രദേശില്‍ പിടിയിലായ ദുബെയെ യുപിയിലേക്കു കൊണ്ടുവരുംവഴി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് ഭാഷ്യം. ഇതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

വികാസ് ദുബെ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വെടിയുതിര്‍ത്തു. നിരവധി തവണ വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറയുന്നു. എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ദുബെയെ ആറ് ദിവസത്തിനു ശേഷം ഉജ്ജയിനില്‍ വച്ചു പിടികൂടുകയായിരുന്നു.