കപൂർത്തല: ഇന്ത്യൻ റെയിൽവേ ഇനി ഒരു പടി മുന്നിൽ. കൊറോണ ഭീഷണിയുടെ പശ്ചാതലത്തിൽ ട്രെയിനുകളിൽ വ്യക്തി ശുചിത്വത്തിനും സുരക്ഷിതത്വത്തിനും മുൻഗണന നൽകി നൂതന പദ്ധതി നടപ്പാക്കാക്കുകയാണ് റെയിൽവേ. കാല്കൊണ്ട് തുറക്കാവുന്ന ടാപ്പുകള്‍, സോപ്പ് ഡിസ്പെന്സര്, കാല്കൊണ്ട് തുറക്കാവുന്ന പുറത്തേക്കുള്ള വാതില്‍, വാതില്‍ കൊളുത്തുകള്‍, ഫ്ലഷ് വാല്‍വ്, വാഷ് ബേസിന്, കൈമുട്ടു കൊണ്ട് തുറക്കാവുന്ന വാതില്‍പ്പിടി എന്നിവയാണ് ട്രെയിനുകളിൽ ഇനി റെയിൽവേ ഒരുക്കുക.
പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും കോച്ചുകൾ കപൂർത്തല കോച്ച് ഫാക്ടറിയിൽ ഇന്ത്യന്‍ റെയില്‍വേ രൂപം നല്‍കിക്കഴിഞ്ഞു. കൈകള്‍ ഉപയോഗിക്കേണ്ടാത്ത സൗകര്യങ്ങള്‍ കൂടാതെ ചെമ്പ് പൂശിയ കൈപ്പിടികൾ, കൊളുത്തുകൾ, വായു ശുദ്ധീകരണത്തിനായി പ്ലാസ്മ സംവിധാനം, ടൈറ്റാനിയം ഡൈ ഓക്സൈഡ് പൂശിയ ഉള്‍വശം എന്നിവയാണു സുരക്ഷിത യാത്രയ്ക്കായി കോച്ചുകളിൽ ഒരുക്കുക.
ചെമ്പ് പ്രതലത്തില്‍ വൈറസിന് അധികസമയം പ്രവര്‍ത്തനക്ഷമമായി നില്ക്കാനാവില്ലെന്നതിനാലാണ് കൈപ്പിടികള്‍, കൊളുത്തുകള്‍ എന്നിവയില്‍ ചെമ്പ് പൂശിയത്. എസി കോച്ചുകളുടെ ഉള്‍വശത്തുള്ള വായു ശുദ്ധീകരണത്തിന് എസി ഡക്ട് വാല്‍വുകളില്‍ പ്ലാസ്മ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അയോണീകൃത വായു കടത്തിവിട്ട് കോച്ചിന്റെ ഉള്‍ഭാഗത്തുള്ള വായുവിനെ അണുവിമുക്തമാക്കുകയാണ് ലക്ഷ്യം. വായുവിന്റെ അയോണ്‍ ഗാഢത ഘനസെന്റീമീറ്ററിന് 100 എന്നതില്‍ നിന്ന് 6000 ആക്കി ഉയര്‍ത്താനും ഇതിലൂടെ സാധിക്കും. കോച്ചിന്റെ ഉള്‍ഭാഗത്ത് ടൈറ്റാനിയം ഡൈഓക്സൈഡ് പൂശി എന്നതാണ് മറ്റൊരു പ്രത്യേകത. ടൈറ്റാനിയം ഡൈഓക്സൈഡ് കവചം ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ നശിപ്പിക്കുകയും വായു ശുദ്ധമാക്കുകയും ചെയ്യും.
വിഷരഹിതമായ ഈ പദാർഥം, അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളതും മനുഷ്യര്‍ക്ക് ഹാനികരമല്ലെന്നു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതുമാണ്. വാഷ്ബേസിനുകള്‍, വാതിലുകള്‍, സീറ്റ്, ബര്‍ത്ത്, സ്നാക്ക് ടേബിള്‍, ഗ്ലാസ് ജനല്‍, തറ തുടങ്ങി മനുഷ്യ സ്പര്ശമുണ്ടായേക്കാവുന്ന എല്ലാ പ്രതലത്തിലും ടൈറ്റാനിയം ഡൈഓക്സൈഡ് പൂശിയിട്ടുണ്ട്. 12 മാസം വരെ സംരക്ഷണം നൽകാൻ ഇതിനാകും.
പദ്ധതി വിജയകരമെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്ത് ഓടുന്ന മറ്റു ട്രെയിനുകളിലും ഈ സൗകര്യങ്ങൾ ക്രമീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയിൽവേ. ആദ്യം സൂപ്പർ ഫാസ്റ്റ് , എക്സ്പ്രസ് ട്രെയിനുകളാകും ഈ രീതിയിൽ മാറ്റുക എന്നാണ് അറിയുന്നത്.