പാട്ന എയിംസിൽ കൊറോണ പ്രതിരോധ വാക്സിൻ ഇന്ന് മുതൽ മനുഷ്യരിൽ പരീക്ഷിക്കും

പാട്ന: പാട്നയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കൊറോണ പ്രതിരോധ വാക്സിൻ ഇന്ന് മുതൽ മനുഷ്യരിൽ പരീക്ഷിക്കുന്നു. ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ചെടുത്ത കോ വാക്സിൻ്റെ പരീക്ഷണമാണ് മനുഷ്യരില്‍ ആരംഭിക്കുന്നത്. ഐസിഎംആറും ഭാരത് ബയോടെക്കും ചേര്‍ന്നാണ് കോവാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. മരുന്നിന്റെ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് നിരവധി പേർ എയിംസുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ആശുപത്രി അധികൃതർ തെരഞ്ഞെടുത്ത 18 വയസിനും 55 വയസിനും ഇടയിൽ പ്രായമുള്ള 18 വളണ്ടിയർമാരിലാണ് കൊറോണ മരുന്നിന്റെ ആദ്യ പരീക്ഷണം. ഇവരെ ആദ്യം വൈദ്യ പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമായിരിക്കും പരീക്ഷണം നടത്തുക.

പരിശോധനാ ഫലത്തിൽ കുഴപ്പങ്ങൾ ഒന്നും ഇല്ലാത്തവരിൽ ആദ്യ ഡോസ് മരുന്ന് നൽകും. പിന്നീട് മൂന്ന് മണിക്കൂർ ഡോക്ടറുടെ നിരീക്ഷണത്തിന് ശേഷം വീട്ടിലേക്ക് അയക്കും. ഒരാൾക്ക് മൂന്ന് ഡോസ് ആണ് ട്രയലിന്റെ ഭാഗമായി നൽകുക. കൊറോണ വാക്സിൻ പരീക്ഷണത്തിനായി ഐസി എംആർ തെരഞ്ഞെടുത്ത 12 സ്ഥാപനങ്ങളിൽ ഒന്നാണ് പാട്നയിലെ എയിംസ്. ഹൈദരബാദ് നിസാം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനും വാക്സിൻ പരീക്ഷണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

അഞ്ച് വിദ​ഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും മനുഷ്യരിലെ വാക്സിൻ പരീക്ഷണം നടത്തുക. ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തി പരിചയമുള്ള വിദ​ഗ്ധരെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നു എയിംസ് തലവൻ ‌‌ഡോ സി എം സിങ് പറഞ്ഞു. മൂന്ന് ഘട്ടമായാണ് പരീക്ഷണം നടത്തുക. ആദ്യ ഘട്ടത്തിന്റെ ഫലം പരിശോധിച്ച ശേഷമായിരിക്കും മറ്റ് ഘട്ടങ്ങളിലേക്ക് കടക്കുക.

മുമ്പ് എലികളിലും മുയലിലും നടത്തിയ പരീക്ഷണം വിജയിച്ചതായി ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യരിൽ പരീക്ഷിക്കാൻ ഐസിഎംആറിന്റെ അനുമതി ലഭിച്ചത്.

ആദ്യ ഘട്ടം പൂര്‍ത്തീകരിക്കാന്‍ മൂന്ന് മാസമെങ്കിലും വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്ഗ്റ്റ് 15ന് വാക്‌സിന്‍ പ്രഖ്യാപനം നടത്തുന്നതിനുവേണ്ടി പരീക്ഷണം വേഗത്തിലാക്കാന്‍ ഐസിഎംആര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു

ജീവനില്ലാത്ത സാഴ്‌സ്‌കോവി2 വൈറസിനെ ഉപയോഗിച്ചാണ് കോവാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതുകാരണം, ഒരു വ്യക്തിയുടെ ശരീരത്തില്‍ കുത്തിവച്ചാല്‍ രോഗം പടര്‍ത്താനോ, വിഭജിക്കാനോ കഴിയില്ല. അതേസമയം, ഈ ജീവനില്ലാത്ത വൈറസുകള്‍ക്കെതിരെ ശരീരം പ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിയുകയും ചെയ്യും.