ബെംഗളുരുവിലെത്തിയത് ഉന്നതരുടെ സഹായത്തോടെ

ബെംഗളുരു: തിരുവനന്തപുരം സ്വർണക്കടത്തുക്കേസിലെ പ്രതി സ്വപ്ന സുരേഷിന് ബെംഗളുരുവിലെത്താൻ ഉന്നതരുടെ സഹായം ലഭിച്ചതായി സൂചന. സ്വപ്ന കൊച്ചിയിൽ നാലു ദിവസം കഴിഞ്ഞ ശേഷമാണ് ഇന്നലെ ബെംഗളുരുവിലേക്ക് സുരക്ഷിതമായികടന്നതെന്നാണ് സംശയം. അതല്ല സ്വർണക്കടത്ത് വിവരം പുറത്ത് വന്ന ദിവസം തന്നെ ഇവർ തമിഴ് നാട്ടിലേക്ക്‌ പോയെന്നും പിന്നീടാണ് ബാംഗ്ലൂരിൽ എത്തിയതെന്നും മറ്റൊരു സംശയവുമുണ്ട്. ഇവർ കൊച്ചിയിലുള്ള സമയത്താണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുടെ നീക്കങ്ങൾ നടത്തിയതും ശബ്ദരേഖ പുറത്തുവിട്ടതുമെന്നാരു റിപ്പോർട്ട് നേരത്തേയുണ്ടായിരുന്നു. ഇവരുടെ നീക്കങ്ങളൊക്കെ വളരെ ആസൂത്രിതമായിരുന്നു. കേസന്വേഷണം എൻഐഎയ്ക്ക് വിട്ടതും യുഎപിഎ ചുമത്തിയതുമാണ് പെട്ടെന്ന് കേരളം വിടാൻ സ്വപ്നയെ പ്രേരിപ്പിച്ചതെന്നാണ് ഒരു സൂചന.

സ്വർണക്കടത്ത് ഇത്രയധികം വിവാദമായിട്ടും സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ തിരിച്ചടിക്കുമെന്ന ചിലരുടെ കണക്കുകൂട്ടൽ ഇവർക്ക് ബെംഗളുരുവിലേക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി. കൊറോണയുടെ കർശന നിയന്ത്രണത്തിനിടെ നിരവധി ജില്ലകൾ കടന്ന് കേരള അതിർത്തിക്കപ്പുറം ബംഗല്ലൂരിലെത്തണമെങ്കിൽ ഈ സംരക്ഷണം ഇല്ലാതെ നടക്കില്ലെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. കേരളാ പോലീസ് തുടക്കം മുതൽ ഇക്കാര്യത്തിൽ പുലർത്തിയിരുന്ന അനാസ്ഥ ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു.

ഇരുവരുടെയും അറസ്റ്റോടെ സ്വർണ്ണക്കടത്ത് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്. കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാർ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസൽ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്.

സ്വർണക്കടത്തുമായി ബന്ധമില്ലെന്നും മാധ്യമ വാ‍ർത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേർക്കാൻ ഒരുങ്ങുന്നതെന്നുമാണ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന പറഞ്ഞത്. അറ്റാഷേ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വർണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാൻ വൈകുന്നതെന്തെന്ന് അന്വേഷിച്ചതെന്നാണ് ഇവരുടെ വാദം. 2019 ൽ കോൺസിലേറ്റിലെ ജോലി അവസാനിപ്പിച്ച സ്വപ്ന, അതിന് ശേഷവും ‘സൗജന്യ സേവനം’ തുടർന്നു വരികയായിരുന്നു.