യെസ്​ ബാങ്ക്​ സഹസ്ഥാപകൻ റാണ കപൂറിന്റെ 2,200 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡെൽഹി: യെസ്​ ബാങ്ക്​ സഹസ്ഥാപകൻ റാണ കപൂറിന്റെ 2,200 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്​സ്​മന്റ് ഡയറക്​ടറേറ്റിന്റേതാണ് നടപടി. ഡിഎച്ച്​എഫ്​എൽ പ്രൊമോട്ടർമാരായ കപിൽ, ധീരജ്​ ധവാൻ എന്നിവരുടെ വസ്​തുവകകളും ഇഡി കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കുന്നത്​ സംബന്ധിച്ച നിയമപ്രകാരമാണ് നടപടി.

കപൂറി​ന്റെ വിദേശത്തുള്ള ചില വസ്​തുവകകളുടെ കൈമാറ്റവും ഇഡി തടഞ്ഞിട്ടുണ്ട്​. കുടുംബത്തിനും യെസ്​ ബാങ്കിൽ നിന്ന്​ 4300 കോടി രൂപയുടെ അനധികൃത വായ്​പ നൽകുകയും പിന്നീട്​ അത്​ കിട്ടാകടമായി എഴുതി തള്ളുകയുമായിരുന്നെന്നാണ്​ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്​ടറേറ്റ്​ കേസ്​.

മാർച്ചിലാണ്​ എൻഫോഴ്​സ്​മന്റെ് ഡയറക്​ടറേറ്റ്​ റാണാ കപൂറിനെ അറസ്​റ്റ്​ ചെയ്​തത്. നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്​. ഡിഎച്ച്എഫ്എലുമായി ക്രമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തിലായിരുന്നു റാണ കപൂറിനെതിരെ ഇ‍ഡി അന്വേഷണം ആരംഭിച്ചത്.

ഡിഎച്ച്എഫ്എലിന് വായ്പ അനുവദിച്ചതിന് പിന്നാലെ റാണ കപൂറിന്‍റേയും മക്കളുടേയും അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നാണ് ആരോപണം. ഇത് ശരിയാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തിലെ കണ്ടെത്തല്‍.