പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രതിരോധ മേധാവിക്കൊപ്പം ലേയിലെത്തി ; സന്ദർശനം സേനാംഗങ്ങൾക്ക് ആത്മ വിശ്വാസം പകരാൻ

ന്യൂഡെൽഹി: അതിർത്തിയിൽ സംഘർഷം രൂക്ഷമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്തിനൊപ്പം ലഡാക്കിലെ തലസ്ഥാനമായ ലേയിലെത്തി. രാവിലെ എട്ടരയോടെ ലെയിൽ എത്തിയ മോദി നിമോയിലെ ആർമി ഉദ്യോഗസ്ഥരെ കണ്ടൂ. ഇതിന് ശേഷം അദ്ദേഹം ആർമി ആശുപത്രി സന്ദർശിക്കുകയും പരിക്കേറ്റ സൈനികരെ കാണുകയും ചെയ്യും.

ലഡാക്കിലെ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രധാന മന്ത്രിയുടെയും ജനറൽ റാവത്തിന്റെയും സന്ദർശനം വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട്. സേനാംഗങ്ങൾക്ക് ആത്മ വിശ്വാസം പകരുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്നലെ വരെ പ്രതിരോധ മന്ത്രി ആയിരിക്കും ലേ സന്ദർശിക്കുക എന്നായിരുന്നു വിവരം. എന്നാൽ മോദിയുടെ സന്ദർശനം അപ്രതീക്ഷിതമായിരുന്നു.

ജൂൺ 15 ന് ഗൽവാൻ താഴ്‌വരയിൽ ഉണ്ടായ ചൈനയുടെ ഏകപക്ഷീയമായ നീക്കത്തെ തുടർന്ന് അതിർത്തിയിൽ സ്ഥിതി ഗതികൾ രൂക്ഷമായിരുന്നു. ഇരുപതോളം ഇന്ത്യൻ സൈനികർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. നൽപതിൽ അധികം ചൈനീസ് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ട്.

അതിർത്തി പിരിമുറുക്കം ഇല്ലാതാക്കുന്നതിനായി കഴിഞ്ഞ മാസം മുതൽ ഇരു രാജ്യങ്ങളും നിരവധി തവണ ചർച്ചകളിൽ ഏർപ്പെട്ടിരുന്നു.