കർണാടകത്തിൽ ഞായറാഴ്ച സമ്പൂർണ്ണ അടച്ചിടൽ; ശനി, ഞായർ ഓഫീസ് അവധി

ബംഗലൂരു : ജൂലൈ അഞ്ചു മുതല്‍ ഓഗസ്റ്റ് രണ്ടു വരെ അഞ്ചു ഞായറാഴ്ചകള്‍ പൂര്‍ണമായി അടച്ചിടുമെന്ന് അണ്‍ലോക്ക് 2 വിന്റെ പുതുക്കിയ ഉത്തരവിൽ കര്‍ണാടക സര്‍ക്കാര്‍.

മുമ്പ് നിശ്ചയിച്ച വിവാഹങ്ങള്‍ ഈ കാലയളവില്‍ ഞായറാഴ്ചകളില്‍ നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ല്‍ കൂടരുത്. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തും. രാത്രിയാത്ര അനുവദിക്കില്ല. അതേസമയം വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വാഹനങ്ങള്‍, ചരക്കുവാഹനങ്ങള്‍ തുടങ്ങി അത്യാവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണത്തില്‍ ഇളവ് ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ടി എം വിജയഭാസ്‌കര്‍ പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. സ്‌കൂളുകള്‍, കോളജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ തുടങ്ങിയവ ജൂലൈ 31 വരെ അടഞ്ഞു കിടക്കും. അതേസമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂഷനുകള്‍ക്ക് ജൂലൈ 15 ന് ശേഷം കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതിയുണ്ട്.

മെട്രോ റെയില്‍, സിനിമാ തിയേറ്ററുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, സമ്മേളന ഹാളുകള്‍, രാഷ്ട്രീയ-കായിക-വിനോദ-സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയ്ക്ക് നിരോധനം തുടരും. മതപരമായ പരിപാടികള്‍ക്കുള്ള നിരോധനവും തുടരുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.