മംഗലാപുരം: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കർണാടക, തമിഴ്നാട് അതിർത്തി ചെക്പോസ്റ്റുകളിൽ ഇരു സംസ്ഥാനങ്ങളിലെയും ആരോഗ്യ വകുപ്പ് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന നിർബന്ധമാക്കി. അതിർത്തിയിലെ ആശുപത്രികളിൽ ചികിൽസയും ഐസൊലേഷൻ വാർഡ് അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയാണ് കർണാടക ആരോഗ്യ വകുപ്പിന്റെ ജാഗ്രതയോടെയുള്ള പ്രവർത്തനം.
ദക്ഷിണ കന്നഡ, കൊടക്, ചാമരാജ് നഗർ, മൈസൂരു ജില്ലകളിലെ അതിർത്തി ചെക്പോസ്റ്റുകളിലാണ് പരിശോധന.
തമിഴ്നാട് അതിർത്തിയിൽ കന്യാകുമാരി, കോയമ്പത്തൂർ, തൂത്തുക്കുടി എന്നിവിടങ്ങളിലാണ് പരിശോധന.
കോഴിക്കോട്- മൈസുരു ദേശീയപാതയിലെ മൂലഹള്ള ചെക്പോസ്റ്റിൽ ഡോക്ടറുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം പരിശോധന നടത്തുന്നുണ്ട്.
വാഹനങ്ങൾ തടഞ്ഞുനിർത്തി നോൺ കോൺടാക്ട് ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ചാണ് യാത്രക്കാർക്ക് പനിയുണ്ടോയെന്ന് പരിശോധിക്കുന്നത്.
പനിയുള്ളവർക്ക് ഏറ്റവും അടുത്ത ആശുപത്രിയിൽ ചികിൽസ നിർദ്ദേശിക്കുന്നുണ്ട്. ഇതുവരെ ആർക്കും കൊറോണ ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കർണാടക ആരോഗ്യവകുപ്പ് പറയുന്നു.