നമോ ആപ്പ് നിരോധിക്കണം: പൃഥ്വിരാജ് ചവാന്‍

ന്യൂഡെൽഹി: നമോ ആപ്പ് നിരോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍. പ്രധാനമന്ത്രിയുടെ നമോ ആപ്പ് അനുവാദം കൂടാതെ ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ വിദേശ കമ്പനിക്ക് മറിച്ച് നല്‍കുന്നുണ്ടെന്നും അതിനാൽ ആപ്പ് നിരോധിക്കണമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ട് 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നത് നല്ല കാര്യമാണ്.

ഉപഭോക്താക്കളുടെ അറിവ് കൂടാതെ നമോ ആപ്പ് പ്രൈവസി സെറ്റിങ്ങ്സുകളിൽ മാറ്റം വരുത്തുകയും സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് കൈമാറുകയും ചെയ്യുന്നതായും ചവാന്‍ ആരോപിച്ചു. നമോ ആപ്പ് ജനങ്ങളുടെ സ്വകാര്യത ലംഘിക്കുന്നതാണെന്ന് പൃഥ്വിരാജ് ചവാന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

59 ചൈനീസ് ആപ്പുകളാണ് തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകള്‍ നിരോധിച്ചത്.