മലപ്പുറം: കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ പുറത്താക്കുന്ന യുഡിഎഫ് തീരുമാനം നേരത്തേ അറിയിച്ചിരുന്നുവെന്നും ഇത് അംഗീകരിക്കുന്നുവെന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ യുഡിഎഫ് നേരത്തെ ധാരണയിലെത്തിയിരുന്നു. ഇക്കാര്യം കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ ഘടകക്ഷികള്‍ കോണ്‍ഗ്രസിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതില്‍ കോണ്‍ഗ്രസ് നിലപാടാണ് യുഡിഎഫ് നിലപാടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഈ വിഷയത്തില്‍ ലീഗിന് വ്യത്യസ്ത അഭിപ്രായമില്ല. യുഡിഎഫ് തീരുമാനമാണ് ഞങ്ങളുടെതും. ഇത് കേരളാ കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്.
ലീഗ് ചര്‍ച്ചയ്ക്ക് മുന്കൈഎടുക്കില്ല. നേരത്തെ യുഡിഎഫ് അധികാരപ്പെടുത്തിയതനുസരിച്ചാണ് ഞങ്ങള്‍ ചര്‍ച്ച നടത്തിയത്. അടുത്ത ബുധനാഴ്ച യുഡിഎഫ് യോഗം ചേരും. അതിന്റെ തീരുമാനത്തിനനുസരിച്ചായിരിക്കും ഞങ്ങളുടെ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നാളെ മുസ്ലീം ലീഗ് യോഗം ചേരും. നിലവിലെ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ നാളെ വിലയിരുത്തും. നിലവില്‍ യുഡിഎഫ് ശക്തമാണ്. ജനങ്ങളുടെ പിന്തുണയാണ് ഒരു മുന്നണിയുടെ നിലനില്‍പ്പ്. പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ആരുടെയും ധാരണയുടെ അടിസ്ഥാനത്തിലല്ല യുഡിഎഫ് ജയിച്ചത്. മാറ്റം വേണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.