എയർ ഇന്ത്യ വിൽപന; താൽപര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി മൂന്നാം തവണയും നീട്ടി

ന്യൂഡെൽഹി: എയർ ഇന്ത്യയുടെ വിൽപനയ്ക്ക് താത്പര്യപത്രം സമർപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി. കൊറോണയും ലോക്ക് ഡൗണും മൂലം വ്യോമയാന മേഖല വലിയ പ്രതിസന്ധിയിലാണ്. അതിനിടയിലാണ് തീയതി വീണ്ടും നീട്ടിയത്. മൂന്നാമത്തെ പ്രാവശ്യമാണ് തീയതി നീട്ടുന്നത്. യോഗ്യരായ കമ്പനികൾക്കുള്ള അറിയിപ്പിനുള്ള തീയതിയും ഇതിനോടൊപ്പം നീട്ടിയിട്ടുണ്ട്. സെപ്തംബറിലേക്കാണ് മാറ്റിയത്.

ഇനിയും എന്തെങ്കിലും തീയതികളിൽ മാറ്റമുണ്ടെങ്കിൽ തൽപരരായ കമ്പനികളെ അറിയിക്കുമെന്ന് വകുപ്പിന്റെ വെബ്‌സെറ്റിൽ പറയുന്നു. 2018ൽ എയർ ഇന്ത്യയുടെ വിൽപനയ്ക്കായി ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. 76 ശതമാനം ഓഹരികളാണ് അന്ന് വിൽപനയ്ക്ക് വച്ചിരുന്നത്. കൊറോണ സാഹചര്യം മൂലം താത്പര്യമുള്ള വ്യവസായികളെ പരിഗണിച്ചാണ് തീയതി മാറ്റിയതെന്ന് ഡിപാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻ പബ്ലിക് അസറ്റ് മാനേജ്‌മെന്റ് അധികൃതർ വ്യക്തമാക്കി.

ആഗസ്റ്റ് 31 ആണ് അവസാന തീയതിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം മാർച്ച് 17 ആയിരുന്നു അവസാന തീയതിയാക്കിയിരുന്നത്. പിന്നീട് ഏപ്രിൽ അവസാനത്തേക്ക് അത് മാറ്റിയിരുന്നു. ശേഷം ജൂൺ അവസാനത്തേക്കും മാറ്റി. ജനുവരി മുതലാണ് എയർ ഇന്ത്യയുടെ വിൽപനയ്ക്കുള്ള പദ്ധതി തയാറാക്കി തുടങ്ങിയത്.