ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും കസ്റ്റഡി മരണം. ഓട്ടോ ഡ്രൈവറായ കുമാരനാണ് പോലിസ് കസ്റ്റഡിയിലെ ക്രൂരമായ പീഡനത്തിനു ഇരയായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ മരിച്ചത്. 15 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഓട്ടോ ഡ്രൈവർ.
ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ കുമാരനെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. തിരികെ വീട്ടിൽ എത്തിയ ഇയാൾ പിന്നീട് രക്തം ഛർദ്ദിക്കാൻ തുടങ്ങിയതോടെ സുരണ്ടായിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്നും തിരുനെൽവേലിയിൽ ആശുപത്രിയിൽ എത്തിച്ചതോടെ വൃക്കക്കും ആന്തരികാവയവങ്ങൾക്കും ക്ഷതം സംഭവിച്ചിട്ടുണ്ട് എന്ന് ഡോക്ടർമാർ അറിയിച്ചു.
പോലിസുകാർ സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിച്ച കാര്യം കുമാരൻ അപ്പോഴാണ് വെളിപ്പെടുത്തുന്നത്. സംഭവിച്ച കര്യങ്ങൾ പറഞ്ഞാൽ അപായ പ്പെടുതുമെന്നും പിതാവിനെ ഉപദ്രവിക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മരിക്കുന്നതിനു മുൻപ് കുമാരൻ വെളിപ്പെടുത്തി.
ഇതിനെതിരെ കുമാരന്റെ ബന്ധുക്കൾ കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് പോലിസ് കേസെടുത്തു.
തൂത്തുക്കുടിയിൽ അച്ഛനും മകനും പോലിസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെതിരേ പ്രതിഷേധം ശക്തിപ്പെടുന്നതിന് ഇടയിലാണ് ഓട്ടോ ഡ്രൈവറുടെ മരണം.