ഹെലികോപ്ടര്‍ തകര്‍ത്തു; എയര്‍പോര്‍ട്ടില്‍ യുവാവിന്‍റെ അതിക്രമം

ഭോപ്പാൽ: വിമാനത്താവളത്തിലെ എയർക്രാഫ്റ്റ് പാർക്കിങ് ബേയിൽ അതിക്രമിച്ചു കയറി ഹെലികോപ്ടറിന് കേടുപാടു വരുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ടേക്ക് ഓഫിനു തയ്യാറെടുക്കുന്ന മറ്റൊരു വിമാനത്തിനു മുന്നിൽ കുത്തിയിരിക്കുകയും ചെയ്ത യോഗേഷ് ത്രിപാഠി എന്നയാളെയാണ് സി.ഐ.എസ്.എഫ്. പിടികൂടി പോലീസിനു കൈമാറിയത്.

ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിലാണ് സംഭവം.
പാർക്കിങ് ബേയിൽ അതിക്രമിച്ചു കയറിയ യോഗേഷ്, ആദ്യം ഹെലികോപ്ടറിന്റെ നോസ് കോണിന് കേടുവരുത്തുകയായിരുന്നു. രാധാ സ്വാമി സത്സംഗ് ബിയാസിന്റെ ഹെലികോപ്ടറിനാണ് കേടുപാടുകൾ വരുത്തിയത്.
തുടർന്ന് ടേക്ക് ഓഫിനു തയ്യാറെടുക്കുന്ന സ്പൈസ് ജെറ്റ് വിമാനത്തിനു മുന്നിൽ യോഗേഷ് കുത്തിയിരുന്നു. 46 പേരുമായി ഭോപ്പാലിൽനിന്ന് ഉദയ്പുറിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു വിമാനം. യോഗേഷിന്റെ കുത്തിയിരിപ്പു കാരണം വിമാനം ഒരു മണിക്കൂർ വൈകി. സംഗതി വഷളായപ്പോൾ
സി ഐ എസ് എഫുകാർ ഇയാളെ പിടികൂടി പോലീസിന് കൈമാറി.