സേനാവിന്യാസം വിലയിരുത്താൻ കരസേന മേധാവി ലഡാക്കിൽ

ന്യൂഡെൽഹി: ഇന്ത്യാ-ചൈനാ തർക്കത്തെ തുടർന്ന് അതിർത്തിയിലെ സേനാവിന്യാസം വിലയിരുത്താൻ കരസേന മേധാവി ജനറൽ മുകുന്ദ് നരവനെ ഇന്ന് ലഡാക്ക് ആസ്ഥാനമായുള്ള 14 കോർപ്സ് സന്ദർശിക്കും. ഗാൽവാൻ സംഘട്ടനത്തിൽ പരിക്കേറ്റ സൈനികരെയും കരസേനാ മേധാവി കാണും. ലഡാക്കിലെ നിലവിലെ സ്ഥിതിയും കരസേനാ മേധാവി നരവനെയും അവലോകനം ചെയ്യും

കരസേനാ മേധാവി ലഡാക്കിൽ രണ്ട് ദിവസമാണ് സന്ദർശനം നടത്തുക. നിലവിലെ സ്ഥിതി അവലോകനം ചെയ്യുകയും ഇന്ത്യ-ചൈന തർക്കത്തെക്കുറിച്ചുള്ള ചർച്ചകളെക്കുറിച്ചും പുരോഗതിയെക്കുറിച്ചും വിശദീകരിക്കുകയും ചെയ്യും. തിരിച്ചെത്തുമ്പോൾ ജനറൽ മുകുന്ദ് നരവനെ ശ്രീനഗർ ആസ്ഥാനമായുള്ള 15 കോർപ്സ് സന്ദർശിക്കും. ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങൾ ഇവിടെ സജീവമാണ്. കിഴക്കൻ ലഡാക്കിലെ എല്ലാ സംഘർഷ കേന്ദ്രങ്ങളിൽ നിന്നും ചൈനീസ് സൈനികരെ ഉടൻ പിൻ‌വലിക്കണമെന്ന് കരസേനാ മേധാവി ആവശ്യപ്പെടും.

വടക്കൻ മേഖലകളിലെ സ്ഥിതികൾ കഴിഞ്ഞ ദിവസം ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇദ്ദേഹം ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വ്യോമസേന മേധാവി ആർ. കെ. എസ് ബദൗരിയ ലഡാക്കിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ സന്ദർശനം.

ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തിന് ശേഷം ആദ്യമായി ഓരോ രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. റഷ്യ കൂടിയുള്ള വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗത്തിൽ ആണ് ഇരുവരും കൂടിക്കാഴ്ച നടത്തുക.

കഴിഞ്ഞ ദിവസം അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇരു സേനകളും തമ്മിലുള്ള ഉന്നതതല ചർച്ചകൾ നടത്തിയിരുന്നു. അതിർത്തിയിലെ 32 റോഡ് നിർമ്മാണ പദ്ധതികൾ വേഗത്തിൽ ആക്കാനും ഇന്നലെ നടത്തിയ യോഗത്തിൽ തീരുമാനമായി. അതേ സമയം ചൈന അതിർത്തി ലംഘിച്ചിട്ടില്ലെന്ന വാദത്തെ തള്ളുന്ന തരത്തിൽ പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ ഇന്ത്യൻ ഭാഗത്തേക്കു ചൈനീസ് സേന കടന്നുകയറിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഓസ്ട്രേലിയൻ ഉപഗ്രഹ വിശകലന വിദഗ്ധൻ നേഥൻ റൂസർ പുറത്ത് വിട്ടു.