പുരി ജഗന്നാഥ ക്ഷേത്രരഥയാത്ര നിബന്ധനകളോടെ നടത്താന്‍ സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നിബന്ധനകളോടെ നടത്താന്‍ സുപ്രീംകോടതി അനുമതി. ക്ഷേത്ര കമ്മിറ്റിയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും കൊറോണ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച വരുത്താതെ പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു. രഥയാത്രയ്ക്ക് നേരത്തെ നല്‍കിയ സ്‌റ്റേ സുപ്രീം കോടതി പിന്‍വലിച്ചു.

എന്നാല്‍ പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ രഥയാത്ര മാത്രം നടത്തിയാല്‍ മതിയെന്നും അനുബന്ധ ചെറു രഥയാത്രകള്‍ നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് രഥയാത്രയ്ക്ക് അനുമതി നല്‍കിയത്. പൊതുജനാരോഗ്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന് എന്ത് ആഘോഷവും മാറ്റിവയ്ക്കാനുള്ള അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

സുപ്രീംകോടതിയുടെ തീരുമാനത്തെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. സ്‌റ്റേ പുനപ്പരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജഗന്നാഥ് സംസ്‌കൃതി ജാഗരണ്‍ മഞ്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി തീരുമാനം.

നേരത്തെ,കൊറോണ കാലത്ത് രഥയാത്ര നടത്തുന്നത് ലക്ഷക്കണക്കിന് ആളുകള്‍ക്ക് രോഗം പകരുന്നതിന് കാരണമാകും എന്ന് ചൂണ്ടിക്കാട്ടി ഒഡീഷ വികാസ് പരിഷത്ത് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി സ്‌റ്റേ വിധിച്ചത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തന്നെയായിരുന്നു ആദ്യത്തെ ഹര്‍ജിയിലും വിധി പറഞ്ഞത്.

‘ഇത് ഞങ്ങള്‍ അനുവദിക്കില്ല. രഥയാത്ര തുടരാന്‍ അനുവദിച്ചാല്‍ ജഗന്നാഥന്‍ ഞങ്ങളോട് ക്ഷമിക്കില്ല. രഥയാത്രയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവക്കണം’ എന്ന് അന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.

ഈ മാസം 23നാണ് രഥയാത്ര ആരംഭിക്കുന്നത്. 12 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ 10 ലക്ഷത്തിന് പുറത്ത് വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.