ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; വീണ്ടും ഉന്നതതല ചര്‍ച്ചകള്‍

ന്യൂഡെല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളുടെയും ഉന്നത തല ചര്‍ച്ചകള്‍ തുടങ്ങി. പോംഗോഗ് തടാകം ഉള്‍പ്പെടുന്ന മേഖലയുടെ ചുമതലയുള്ള ഇന്ത്യ-ചൈന സൈന്യത്തിന്റെ ലെഫ്. ജനറല്‍മാരുടെ നേതൃത്വത്തിലാണ് ചര്‍ച്ച. രണ്ടാം തവണയാണ് തര്‍ക്ക പരിഹാരത്തിനായുള്ള ചര്‍ച്ച നടക്കുന്നത്.

ഈ മാസം ആറിനു നടന്ന ചര്‍ച്ചയില്‍ അതിര്‍ത്തിയല്‍ നിന്നും പിന്മാറാന്‍ ധാരണയായിരുന്നു എങ്കിലും പിന്നീട് ഗാല്‍വാന്‍ താഴ്‌വരയില്‍ സൈനിക പിന്‍മാറ്റം നടക്കുന്നതിനിടയില്‍ ചൈന വീണ്ടും ക്യാമ്പ് സ്ഥാപിച്ചതോടെ വീണ്ടും സംഘര്‍ഷത്തിലേക്ക് വഴിവച്ചു. സേനക്കു അതിര്‍ത്തിയില്‍ പൂര്‍ണ സ്വാതന്ത്രം നല്‍കിയിട്ടുണ്ട്. എങ്കിലും സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുന്നത്. അതിര്‍ത്തി തര്‍ക്കം പെട്ടെന്നു പരിഹരിക്കാനും സമാധാനം പുനസ്ഥാപിക്കാനും റഷ്യയും അമേരിക്കയും ഇരു രാജ്യങ്ങളുടെ മേലില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

അതേസമയം ലഡാക്കിലെ ഗല്‍വാന്‍ താഴ്മരയില്‍ ഇന്ത്യ -ചൈന ഏറ്റുമുട്ടലില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു ചൈനീസ് സര്‍ക്കാര്‍ മാധ്യമം പരോക്ഷമായി സമ്മതിച്ചു. ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആണ് ഇതേകുറിച്ച് ട്വീറ്റ് ചെയ്തത്. മരിച്ച ചൈനീസ് സൈനികരുടെ എണ്ണത്തെ കുറിച്ച് തെറ്റായ കണക്കുകളാണ് പ്രചരിക്കുന്നത് എന്നും ട്വീറ്റുകളില്‍ പറയുന്നു.