ചെന്നൈ : തമിഴ്നാട്ടിലെ ഉദുമല്‍പ്പേട്ടിലെ ശങ്കറിന്റെ ദുരഭിമാനക്കൊലയില്‍ പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വര്‍ഷം തടവാണ് കോടതി വിധിച്ചത്. പ്രതികള്‍ക്ക് ശിക്ഷാ ഇളവുകള്‍ അടക്കം ഒന്നും നല്‍കരുതെന്നും കോടതി വിധിച്ചു. പെണ്‍കുട്ടിയുടെ അച്ഛന് ചിന്നസ്വാമിയെ കോടതി കുറ്റവിമുക്തനാക്കി.
ജസ്റ്റിസുമാരായ എം സത്യനാരായണന്, എം നിര്‍മ്മല്‍ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2016 ല്‍ ആണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ ശങ്കറിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തുന്നത്. ചിന്നസ്വാമിയുടെ മകള്‍ കൗസല്യ ദളിതനായ ശങ്കറിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് ദുരഭിമാനക്കൊലയിലേക്ക് നയിച്ചത്.
കേസില്‍ കൗസല്യയുടെ അമ്മയെയും മറ്റു രണ്ടുപേരെയും വെറുതെ വിട്ട വിചാരണകോടതി നടപടി ഹൈക്കോടതി ശരിവെച്ചു. 2013 മാര്‍ച്ച് 13 നാണ് ശങ്കറിനെ കൊലപ്പെടുത്താന്‍ കൗസല്യയുടെ ബന്ധുക്കള്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയത്. പട്ടാപ്പകല്‍ കൗസല്യയുടെ മുന്നിലിട്ട് ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ കൗസല്യയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
2017 ഡിസംബര്‍ 12 നാണ് തിരുപ്പൂര്‍ ജില്ലാ കോടതി കൗസല്യയുടെ പിതാവ് ചിന്നസ്വാമി അടക്കം ആറുപ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. രണ്ടുപ്രതികള്‍ക്ക് തടവുശിക്ഷ ലഭിച്ചപ്പോള്‍, കൗസല്യയുടെ അമ്മ അന്നലക്ഷ്മി അടക്കം മൂന്നുപേരെ കോടതി കുറ്റവിമുക്തയാക്കുകയായിരുന്നു.