ഡെൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രത

ന്യൂഡെൽഹി: കൊറോണ ഭിതിക്കിടെ രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജമ്മു കശ്മീരിൽനിന്ന് ബസ്, കാർ, ടാക്സി എന്നിവ വഴി ഭീകരർ ഡെൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതായാണു വിവരം. ഇതേ തുടർന്ന് കശ്മീര്‍ റജിസ്ട്രേഷനിലുള്ള വാഹനങ്ങളിൽ കർശന പരിശോധനയാണു നടക്കുന്നത്. ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ് എത്തിയതോടെ അതീവ ജാഗ്രതയിലാണ് ഡൽഹി നഗരം.

ഭീകരർ ട്രക്കിൽ ഡൽ‌ഹിയിലേക്കു പുറപ്പെട്ടിട്ടുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾക്കു വിവരം ലഭിച്ചിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഗസ്റ്റ് ഹൗസുകളിലും ഹോട്ടലുകളിലും പൊലീസ് സംഘം പരിശോധന നടത്തി. ബസ് ടെർമിനലുകളിലും റെയിൽവേ സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. ഭീകരവാദികളില്‍ ചിലര്‍ ജമ്മു കശ്മീരില്‍നിന്നുളളവരാണ്. അവര്‍ ഇതിനോടകം തന്നെ നഗരത്തിനുള്ളില്‍ കടന്നുവെന്നും ബാക്കിയുള്ളവര്‍ നഗരത്തിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. നഗരത്തില്‍ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരവാദികള്‍ എത്തുന്നത്. റോഡ് മാര്‍ഗം കാര്‍,ബസ്,ടാക്‌സി തുടങ്ങിയവയിലാകും ഇവര്‍ ഡല്‍ഹിയിലേക്ക് കടക്കുകയെന്നാണ് സൂചന.