കശ്മീരി പൊലീസ് യു.എ.പി.എ ചുമത്തിയ ഫോട്ടോഗ്രാഫര്‍ മസ്രത് സഹ്റക്ക് അന്താരാഷ്ട്ര പുരസ്കാരം

ന്യൂഡെൽഹി: പൊലീസ് യുഎപിഎ ചുമത്തിയ കശ്മീരി ഫോട്ടോഗ്രാഫര്‍ മസ്രത് സഹ്റക്ക് അന്താരാഷ്ട്ര പുരസ്കാരം. അഫ്ഗാനില്‍ കൊല്ലപ്പെട്ട പ്രശസ്ത ജര്‍മ്മന്‍ ഫോട്ടോഗ്രാഫറും പുലിസ്റ്റര്‍ പുരസ്കാര ജേതാവുമായ ആന്‍ജ നിഡ്രിങ്കോസിന്‍റെ സ്മാരണാര്‍ത്ഥം ഇന്‍റര്‍നാഷണല്‍ മീഡിയ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാഫി പുരസ്കാരമാണ് മസ്രത് സഹ്റ സ്വന്തമാക്കിയത്. 15 ലക്ഷ രൂപയോളമാണ് പുരസ്കാര തുക.

ഈ പുരസ്കാരം തന്‍റെ കഴിവുകള്‍ മിനുക്കാനും ധൈര്യത്തോടെ ജോലി ചെയ്യാനും സാധിക്കുന്നതായും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന തന്നെ പോലെയുള്ള വനിതാ ഫോട്ടോഗ്രാഫര്‍മാര്‍ അടക്കമുള്ളവര്‍ക്ക് പ്രചോദനമാണെന്നും മസ്രത് അഭിപ്രായപ്പെട്ടു. വാഷിംഗ്ടണ്‍ പോസ്റ്റ്, ടിആര്‍ടി വേള്‍ഡ്, അല്‍ജസീറ അടക്കം നിരവധി അന്തര്‍ദേശീയ മാധ്യമങ്ങളില്‍ മസ്രതിന്‍റെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ തലത്തിലുള്ള കാരവന് വേണ്ടിയും മസ്രത് ജോലി ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ മസ്രത് സഹ്റക്കെതിരെ കശ്മീര്‍ പൊലീസ് യുഎപിഎ ചുമത്തിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോകളുടെ അടിസ്ഥാനത്തിലാണ് മസ്രതിന് യുഎപിഎ ചുമത്തിയത്.