സംവരണം മൗലികാവകാശമല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി

ന്യൂഡെൽഹി: സംവരണം മൗലികാവകാശമല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് മൗലികാവകാശ ലംഘനമായി കാണാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം ഒബിസി ക്വാട്ട നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക പരാമര്‍ശം.

സിപിഎം, ഡിഎംകെ, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒബിസി വിഭാഗങ്ങള്‍ക്ക് 50 ശതമാനം, സംവരണം നീക്കിവെക്കാതെ യുജി, പിജി മെഡിക്കല്‍ കോഴ്‌സിലേക്ക് പ്രവേശനം നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. ഹര്‍ജി പിന്‍വലിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കി. സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് മൗലികാവകാശ ലംഘനമായി കാണാനാകില്ലെന്നാണ് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിലയിരുത്തിയത്.

‌തമിഴ്‌നാട് സംസ്ഥാന നിയമ പ്രകാരം 50 ശതമാനം സീറ്റുകള്‍ ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണം. ഒബിസി വിഭാഗക്കാര്‍ക്ക് സംവരണം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.