ഡിഎംകെ നേതാവ് ജെ അന്‍പഴകന്‍ എംഎല്‍എ കൊറോണ ബാധിച്ച് മരിച്ചു

ചെന്നൈ : കൊറോണ ബാധിച്ച് ചികില്‍സയിലായിരുന്ന ഡിഎംകെ നേതാവും എംഎല്‍എയുമായ ജെ അന്‍പഴകന്‍ അന്തരിച്ചു. 61 കാരനായ അന്‍പഴകന്‍ ക്രോമപേട്ടിലെ ഡോ. രേല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.

തിങ്കളാഴ്ച ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് വഷളാകുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനവും തകരാറിലായിരുന്നു. കൂടാതെ അദ്ദേഹത്തിന് ഉണ്ടായിരുന്ന വൃക്കരോഗവും മൂര്‍ച്ഛിച്ഛ അവസ്ഥയിലായിരുന്നുവെന്ന് ആശുപത്രി സിഇഒ ഇളംകുമരന്‍ കലിയമൂര്‍ത്തി അറിയിച്ചു.

ചെപ്പോക്ക്ട്രിപ്ലിക്കന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ജെ അന്‍പഴകന്‍. ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എയാണ് അന്‍പഴകന്‍. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ അടുത്ത അനുയായി ആയിരുന്നു അന്‍പഴകന്‍.

” കൊറോണയുടെ കാലഘട്ടത്തിൽ അൻപഴകൻ കഠിനാധ്വാനം ചെയ്തു. പ്രത്യേകിച്ചും പകർച്ചവ്യാധി സമയത്ത് ഡി‌എം‌കെയുടെ പദ്ധതികൾ ജനങ്ങളിൽ എത്തിക്കാൻ. നിർഭാഗ്യവശാൽ പൊതുജന സേവനത്തിനിടയിൽ അദ്ദേഹം രോഗം ബാധിതനായി. ഞങ്ങൾ ഇനി എവിടെ കണ്ടുമുട്ടും ?.”ഡി‌എം‌കെ നേതാവ് എം‌കെ സ്റ്റാലിൻ അനുശോചിച്ചു.

തമിഴ്നാട്ടിൽ മൂന്ന് ദിവസത്തെ ദു:ഖാചരണത്തിന് ഡിഎംകെ ആഹ്വാനം നൽകി. എല്ലാ പാർട്ടി പ്രവർത്തനങ്ങളും മൂന്ന് ദിവസത്തേക്ക് നിർത്തിവച്ചു.