മുംബൈ :പ്രശസ്ത ബോളിവുഡ്-ബംഗാളി സംവിധായകൻ ബസു ചാറ്റർജി( 93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സാന്റാക്രൂസ് ശ്മശാനത്തിൽ സംസ്കാരം നടത്തി.
ചലച്ചിത്രകാരനും ഇന്ത്യൻ ഫിലിം ആൻഡ് ടി.വി ഡയറക്ടേഴ്സ് അസോസിയേഷൻ അധ്യക്ഷനുമായ അശോക് പണ്ഡിറ്റാണ് ഇദ്ദേഹത്തിന്റെ മരണവിവരം ട്വീറ്ററിലൂടെ പുറത്തുവിട്ടത്.
രാജസ്ഥാനിലെ അജ്മീറിൽ ജനിച്ച ഇദ്ദേഹം 70കളിൽ റിയലിസ്റ്റിക് ചിത്രങ്ങളൊരുക്കിയ സംവിധായകനായിരുന്നു. അമോൽ പലേക്കർ, സെറീന വഹാബ് എന്നിവർ ഒന്നിച്ച ചിറ്റ്ചോർ, അമിതാഭ് ബച്ചനെ നായകനാക്കി സംവിധാനം ചെയ്ത മൻസിൽ, രാജേഷ് ഖന്ന നായകനായ ചക്രവ്യൂഹ്, ദേവ് ആനന്ദിന്റെ മൻ പസന്ത്, തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളായിരുന്നു.
ഹിന്ദിയിലും ബംഗാളിയിലുമാണ് ബസു ചാറ്റർജി സിനിമകളെടുത്തിരുന്നത്. അക്കാലത്തെ സൂപ്പർതാരങ്ങളുമായി ബസു ചാറ്റർജി സഹകരിച്ചുവെങ്കിലും സവിശേഷമായ രീതിയിലാണ് അവരെ അവതരിപ്പിച്ചത്.
ചിറ്റ്ചോർ എന്ന ചിത്രത്തിനു വേണ്ടി യേശുദാസ് പാടിയ ഗോരി തേരാ ഗാവ് എന്ന പാട്ടിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ദുർഗ എന്ന ചിത്രത്തിന് സംവിധായകനും ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2011ൽ പുറത്തു വന്ന ത്രിശങ്കു ആണ് അവസാന ചിത്രം. ടിവി സീരീസുകളും സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം നാലു ചിത്രങ്ങൾ നിർമ്മിച്ചിട്ടുമുണ്ട്.