ഡെൽഹി എയിംസിലെ 480 ആരോ​ഗ്യ പ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചു

ന്യൂഡെൽഹി: ഡെൽഹി എയിംസിലെ 480 ആരോ​ഗ്യപ്രവർത്തകരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആരോ​ഗ്യപ്രവർത്തകരിൽ മൂന്നുപേർ കൊറോണ ബാധയെ തുടർന്ന് മരിച്ചു. രോ​ഗബാധ സ്ഥിരീകരിച്ചവരിൽ 19 ഡോക്ടർമാരും 38 നഴ്സുമാരും ഉൾപ്പെട്ടിട്ടുണ്ട്. ഡോക്ടേഴ്സിൽ രണ്ട് പേര് ഫാക്കൽറ്റി അം​ഗങ്ങളാണ്. 74 സുരക്ഷാ ജീവനക്കാർ, 75 ഹോസ്പിറ്റൽ അറ്റൻഡേഴ്സ്, 54 ശുചീകരണ തൊഴിലാളികൾ, 14 ലാബ് ടെക്നീഷൻ എന്നിവരിലാണ് രോ​ഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

തൊഴിൽരം​ഗത്ത് സുരക്ഷ ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നഴ്സസ് യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നിലവാരമില്ലാത്ത പിപിഇ കിറ്റുകളാണ് നൽകുന്നതെന്നാണ് ഇവരുടെ പരാതി. വൈറസ് ബാധിച്ച് മെസ് ജീവനക്കാരനും മരിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിലെ അനാസ്ഥയാണ് രോ​ഗബാധ ​ഗുരുതരമാകാൻ കാരണമെന്നാണ് ഡോക്ടർമാരുടെ ആരോപണം. എയിംസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ ഉദ്യോ​ഗസ്ഥരെ എല്ലാം ക്വാറന്റൈനിലാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതർ ഉള്ള പ്രദേശങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഡെൽഹി.