ന്യൂഡെൽഹി: കൊറോണ സ്ഥിരീകരിച്ച പ്രതിരോധ സെക്രട്ടറി അജയ് കുമാർ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിൻ്റെ ഓഫിസ് സന്ദർശിച്ചിട്ടില്ലെന്ന് സൂചന. പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് ബുധനാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ കൊറോണ പരിശോധന ഫലം ലഭിച്ചതോടെയാണ് ഇക്കാര്യത്തിൽ വ്യക്തതയായത്.
പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യാഗസ്ഥരോട് ഹോം ക്വാറന്‍റൈനിൽ പോകാൻ നിർദേശിച്ചു. കൂടാതെ അജയ് കുമാറുമായി ഇടപഴകിയ എല്ലാവരേയും കണ്ടെത്താനുളള ശ്രമം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. 1985 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
അജയ് കുമാറിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും നിലവിൽ ഹോം ക്വാറന്റീനിലാണെന്നുമാണ് വിവരം. അതേസമയം അജയ് കുമാറിന് രോഗം സ്ഥിരീകരിച്ച വിഷയത്തിൽ പ്രതിരോധ മന്ത്രാലയ വക്താവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൊറോണ പ്രോട്ടോകള്‍ അനുസരിച്ചുളള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.ആരോഗ്യ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥർക്കും കൊറോണ സ്ഥിരീകരിച്ചതോടെ ഔദ്യോഗിക യോഗങ്ങൾ വീഡിയോ കോൺഫറൻസിംഗ് വഴിയാക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.