അന്തരിച്ച ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്റെ മാതാവിന് കൊറോണ

മുംബൈ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്റെ മാതാവ് റൈസാ ബീഗത്തിന് കൊറോണ സ്ഥിരീകരിച്ചു. 

വൃക്കരോഗത്തിന് സുരാനാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാജിദിന് മരിക്കുന്നതിന്റെ തലേ ദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്. വാജിദിനൊപ്പം മാതാവ് റൈസ ബീഗവും ആശുപത്രിയിൽ ഉണ്ടായിരുന്നു. അതിനാൽ വാജിദിൽ നിന്നാകാം വൈറസ് പടർന്നത് എന്നാണ് പ്രാഥമിക നിഗമനം. മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ ഇപ്പോൾ.

അണുബാധ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി വാജിദ് വെന്റിലേറ്ററിലായിരുന്നു.
കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ഇദ്ദേഹത്തിന് മരണം സംഭവിച്ചത്.

സൽമാൻ ഖാൻ ചിത്രങ്ങളിലൂടെയാണ് വാജിദ് ഖാനും സഹോദരൻ സാജിദ് ഖാനും ശ്രദ്ധ നേടുന്നത്. വാണ്ടഡ്, ദബാങ്, ഏക് താ ടൈഗർ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളിലൂടെ പ്രശസ്തരാണ് സാജിദ്-വാജിദ് ടീം. മാഷള്ളാഹ്, ഹുഡ് ഹുഡ് ദബാങ്, ഹമ്കാ പീനി ഹേ തുടങ്ങിയവ വാജിദ് പാടിയ ശ്രദ്ധേയ ഗാനങ്ങളിൽ ഉൾപ്പെടുന്നു.