ന്യൂഡെൽഹി : ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ശാസ്ത്രജ്ഞന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഐ.സി.എം.ആർ ആസ്ഥാനം രണ്ടുദിവസത്തേക്ക് അടച്ചു.
രണ്ടാഴ്ച മുമ്പ് മുംബൈയിൽനിന്ന് ഡെൽഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതേ തുടർന്ന് ഡൽഹിയിലെ ഐ.സി.എം.ആർ. കെട്ടിടം രണ്ടു ദിവസത്തേക്ക് അടച്ചിടുകയും അണുനശീകരണം നടത്തുകയും ചെയ്യും
ഇതിന്റെ ഭാഗമായി കെട്ടിടത്തിൽ രണ്ടു ദിവസം കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. കൊറോണയുമായി ബന്ധപ്പെട്ട അത്യാവശ്യ ജോലിക്കാർക്ക് മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ. മറ്റുള്ളവർ വീട്ടിൽനിന്ന് ജോലി ചെയ്താൽ മതിയെന്നും ഐ.സി.എം.ആർ. ജീവനക്കാരെ അറിയിച്ചു.
കൊറോണ സ്ഥിരീകരിച്ച ശാസ്ത്രജ്ഞൻ കഴിഞ്ഞ ആഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നതായും റിപ്പോർട്ടുണ്ട്. നീതി ആയോഗ് അംഗം ഡോ. വിനോദ് പോൾ, ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ, ഐ.സി.എം.ആർ. എപ്പിഡെമിയോളജിസ്റ്റ് ഡിവിഷൻ മേധാവി ഡോ. ആർ.ആർ. ഗംഗാധർ എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.