ആരാധനാലയങ്ങൾ ജൂൺ 8 മുതൽ തുറക്കും

ന്യൂഡെൽഹി:പൊതുജനങ്ങൾക്കായി മതസ്ഥലങ്ങളും ആരാധനാലയങ്ങളും ജൂൺ 8 മുതൽ തുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ; ഷോപ്പിംഗ് മാളുകൾ എന്നിവയും തുറക്കാൻ അനുവാദമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ താമസിയാതെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും.

തീവ്രബാധിത മേഖലകളില്‍ മാത്രമാണ് ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയത്. മറ്റു സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. അതേസമയം രാജ്യത്ത് രാത്രി 9 മണിക്കും രാവിലെ അഞ്ചിനും ഇടയിലുളള സഞ്ചാരവിലക്ക് തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

പരിമിതമായ നിയന്ത്രണങ്ങളോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ തുടരും. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍ എന്നിവ ജൂണ്‍ എട്ടുമുതല്‍ തുറക്കാന്‍ അനുവദിക്കും. രാജ്യാന്തര വിമാന യാത്ര, മെട്രോ റെയില്‍, സിനിമ ഹാള്‍, ജിം, സ്വമ്മിങ് പൂള്‍, പാര്‍ക്ക്, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, തുടങ്ങി ജനം കൂട്ടം കൂടാന്‍ ഇടയുളള സ്ഥലങ്ങളിലെ നിരോധനം തുടരും. ആള്‍ക്കൂട്ടത്തിന് സാധ്യതയുളള സാംസ്‌കാരിക, മതപരമായ ചടങ്ങുകള്‍ക്ക് വിലക്ക് ഉണ്ട്. ഇതിനെല്ലാം അനുമതി നല്‍കുന്നത് സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നടപടി സ്വീകരിക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷം സ്‌കൂളുകളും കോളജുകളും തുറക്കാന്‍ അനുവദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ജൂലൈയില്‍ തീരുമാനമെടുക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.