ഇന്ത്യയിൽ കൊറോണ മരണം അയ്യായിരത്തിലേക്ക്; വൈറസ് വ്യാപനം ശക്തമാകുന്നു

ന്യൂഡെല്‍ഹി : ഇന്ത്യയിൽ കൊറോണ മരണം അയ്യായിരത്തി കൊറോണ വ്യാപനം ആശങ്കാജനകമായ വിധം രൂക്ഷമാകുന്നു. രാജ്യത്ത് ഇന്നലെ മാത്രം 7964 പേര്‍ക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1,73,763 ആയി ഉയര്‍ന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 265 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4971 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ ബാധിച്ച് മരിക്കുന്നതും ഇന്നലെയാണ്.

വ്യാഴാഴ്ച കൊറോണ മരണം 200 കടന്നിരുന്നു. തുടര്‍ച്ചയായ രണ്ടാംദിനമാണ് കൊറോണ രോഗബാധിതരുടെ എണ്ണം 7000 കടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 6000 ന് മുകളില്‍ ആളുകളിലാണ് കൊറോണ സ്ഥിരീകരിച്ചിരുന്നത്.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലെല്ലാം രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. തെലങ്കാനയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 169 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ നാലുപേര്‍ മരിച്ചു.