പുൽവാമയിലെ സ്ഫോടക വസ്തുക്കൾ ; ദീകരർ വന്നത് ഹിസ്ബുൾ മുജാഹിദീൻകാരൻ്റെ വാഹനത്തിൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ നിന്നും 20 കിലോയിലധികം സ്ഫോടക വസ്തുക്കളുമായി വന്ന വാഹനത്തിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു. ഷോപിയാൻ സ്വദേശിയായ ഹിദായത്തുള്ള മാലിക് എന്ന ഹിസ്ബുൾ മുജാഹിദീൻ അംഗത്തിൻ്റെ വാഹനത്തിലാണ് ഭീകരർ സ്ഫോടകവസ്തുക്കൾ നിറച്ച് ആക്രമണത്തിന് തുനിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.

2019 ജൂലൈ മുതൽ ഇയാൾ ഹിസ്ബുൾ മുജാഹിദീനിൽ അംഗമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മാലിക്കിന്റെ സഹോദരനെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

ഈ മാസം മെയ് 28 നാണ് സ്ഫോടക വസ്തുക്കളുമായി വന്ന കാർ പോലീസ് പിടിച്ചെടുത്തത്. കാർ നിർത്താതിരുന്നതിനെ തുടർന്ന് സുരക്ഷഉദ്യോഗസ്ഥർ വെടിയുതിർത്തിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട് കാർ ഉപേക്ഷിച്ച് ഭീകരർ കടന്നുകളയുകയായിരുന്നു. തുടർന്ന് കാറിലുണ്ടായിരുന്ന സ്ഫോടക വസ്തുക്കൾ ഉദ്യോഗസ്ഥർ സുരക്ഷിതമായി നിർവീര്യമാക്കി. കാറിനുള്ളിൽ നിന്ന് 20 കിലോയിലധികം വരുന്ന ഐ.ഇ.ഡി കണ്ടെടുത്തിരുന്നു.

സമീപകാലത്തായി സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിച്ചിരുന്നു. ഇതിനിടെയാണ് കാർബോംബ് ആക്രമണം നടത്താനുള്ള ശ്രമം നടന്നത്. പുൽവാമയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടത്തിയ ചാവേർ സ്ഫോടനത്തിൽ നാല്പതോളം സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. പുൽവാമ മാതൃകയിൽ തന്നെ അടുത്തൊരു ആക്രമണം നടത്താനായി ഭീകരർ ശ്രമിച്ചതായാണ് പോലീസുകാർ പറഞ്ഞത്.