ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേയ്സ്ബുക്ക് പേജിൽ വിസ്കിയുടെ ചിത്രം പോസ്റ്റ് ചെയ്ത് സംഭവം ജീവനക്കാരുടെ കൈപിഴയെന്നു ആഭ്യന്തര മന്ത്രാലയം. ഉംഫാൻ ചൂഴലിക്കാറ്റ് ദുരന്തംവിതച്ച പശ്ചിമബംഗാളിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച ഫേയ്സ്ബുക്ക് പോസ്റ്റിലാണ് രണ്ടുകുപ്പി മദ്യത്തിന്റെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.
ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സംബന്ധിക്കുന്ന മൂന്നു ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. എന്നാൽ ഇതിൽ ഒരു ചിത്രത്തിൽ നിരത്തിവെച്ചിരിക്കുന്ന മദ്യക്കുപ്പികളും നിറച്ച മദ്യഗ്ലാസും മറ്റുമാണ്. ഏകദേശം 15 മിനിറ്റിന് ശേഷമാണ് തെറ്റു മനസ്സിലാക്കി ജീവനക്കാർ ചിത്രം നീക്കംചെയ്തത്. പക്ഷേ ഇതിനോടകം ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ സമൂഹം മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. നിരവധി കമ്മെന്റുകളുമാണ് പോസ്റ്റിനു താഴെ വന്നിരുന്നത്. അതിൽ മലയാളികളും പുറകിലോട്ടു പോയില്ല.
അടിക്കുമ്പോ നല്ല സാധനം വാങ്ങി അടിച്ചൂടേ ഷാ, ഉള്ള പൈസോക്കൊക്കെ കോൺഗ്രസ് എംഎൽഎമാരെ വാങ്ങിയാൽ ഇങ്ങനെ ഇരിക്കും എന്നാണ് മലയാളികളുടെ കമെന്റുകൾ.
അതേസമയം ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവർക്ക് സംഭവിച്ച മനപ്പൂർവമല്ലാത്ത തെറ്റാണിതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വ്യക്തിപരമായ ഫേയ്സ്ബുക്ക് അക്കൗണ്ടും ആഭ്യന്തര മന്ത്രാലയത്തിന്റെ പേജും കൈകാര്യം ചെയ്യുമ്പോൾ സംഭവിച്ച ആശയക്കുഴപ്പം മൂലമാണ് ഇത് സംഭവിച്ചതെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. തെറ്റുവരുത്തിയ ജീവനക്കാരൻ രേഖാമൂലം ക്ഷമാപണം നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
പോസ്റ്റ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.