കൊറോണ അഴിമതി; ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ രാജീവ് ബിൻദൽ രാജിവച്ചു

സിംല : കൊറോണ പ്രതിരോധത്തിനായുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെ തുടർന്ന് ഹിമാചൽ പ്രദേശ് ബി.ജെ.പി അധ്യക്ഷൻ രാജീവ് ബിൻദൽ രാജി വെച്ചു. ധാര്‍മികവശം പരിഗണിച്ച് സ്ഥാനത്ത് നിന്ന് ഒഴിവാകുന്നുവെന്നാണ് അദ്ദേഹം രാജിക്കത്തില്‍ പറയുന്നത്.

അഞ്ചു ലക്ഷം രൂപ രാജീവ് ബിൻദലിന് കൈക്കൂലി നല്‍കിയെന്ന് പറയുന്ന ഓഡിയോ ക്ലിപ് പ്രചരിച്ചതിനു പിന്നാലെയാണ് അദ്ദേഹം രാജി നല്‍കിയത്. കൈക്കൂലി നൽകിയെന്ന ആരോഗ്യവിഭാഗം ഡയറക്ടര്‍ ഡോ.എ.കെ ഗുപ്ത പറയുന്ന ഓഡിയോ ക്ലിപ് ആണ് പുറത്തായത്. ഇതിനു പിന്നാലെ കഴിഞ്ഞയാഴ്ച ഡോ.ഗുപ്തയെ വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റു ചെയ്തിരുന്നു.

അഴിമതിയിൽ നിഷ്‍പക്ഷ അന്വേഷണം ആവശ്യപ്പെട്ടാണ് താൻ രാജിവെച്ചത് എന്നാണ് ബിൻദൽ പറയുന്നത്. അതേസമയം ബിന്‍ദലിന്‍റെ രാജി പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുകയായിരുന്നുവെന്നും വാര്‍ത്തകളുണ്ട്. മുഖ്യമന്ത്രി ജയ് റാം താക്കൂറിന്‍റെ നേതൃത്വത്തില്‍ മന്ത്രിസഭായോഗം ചേര്‍ന്നതിന് ശേഷമാണ് ബിന്‍ദലിന്‍റെ രാജി വാര്‍ത്ത പുറത്തുവന്നത്.

ഹിമാചല്‍ പ്രദേശിലെ മുന്‍ ആരോഗ്യമന്ത്രിയും ഒരു ഡോക്ടര്‍ കൂടിയുമാണ് രാജീവ് ബിന്‍ദല്‍. ഇയാൾ മുന്‍ സ്പീക്കറും മൂന്ന് തവണ എംഎല്‍എയും ആയിട്ടുണ്ട്. പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദ തന്നെയാണ് സംസ്ഥാന അധ്യക്ഷനായി ബിന്‍ദലിനെ നിര്‍ദേശിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി ബിന്‍ദല്‍ ചുമതലയേറ്റെടുക്കുന്നത്