ആറ് ഡോക്ടർമാരെ സമീപിച്ചു ; കൊറോണ സംശയിച്ച്‌ ചികിത്സ നിഷേധിച്ച ഗര്‍ഭിണിയും കുഞ്ഞും മരിച്ചു

ഹൈദരാബാദ് : കൊറോണ രോഗബാധ സംശയിച്ച്‌ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചു. ചികിത്സലഭിക്കാതെ അമ്മയും കുഞ്ഞും മരിച്ചു. ജനീല (20) എന്ന യുവതിയാണ് ഡോക്ടര്‍മാരുടെയും ആശുപത്രി അധികൃതരുടെയും ഉത്തരവാദിത്വ രഹിതമായ സമീപനം മൂലം മരിച്ചത്.

ജോഗുലാംബ ഗഡ്വാല്‍ ജില്ലയിലാണ് യുവതിയുടെ വീട്. ഇവരുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശം കൊറോണ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശത്തുനിന്ന് വന്നതിനാലാണ് ഇവര്‍ക്ക് ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാതിരുന്നത്.

പ്രസവസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വിവിധ ആശുപത്രികളിലായി ആറ് ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ആരും ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്നാണ് തെലങ്കാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.