തൊഴിലാളുകളുമായി മുംബൈയില്‍ നിന്ന് ഗൊരഖ്പൂരിലേക്ക് ട്രെയിന്‍; എത്തിയത് റൂര്‍ക്കേലയില്‍

ലക്നൗ: ലോക്ക്ഡൗണിൽ കുടുങ്ങിയ പോയ കുടിയേറ്റ തൊഴിലാളികളെ കൊണ്ട് മഹാരാഷ്ട്രയില്‍ നിന്നും പുറപ്പെട്ട ശ്രമിക് ട്രെയിനു വഴിതെറ്റി. മഹാരാഷ്ട്രയിലെ വസായ് റോഡിൽനിന്നു ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോയ തീവണ്ടി വഴിതെറ്റി എത്തിയത് ഒഡീഷയിലെ റൂർക്കേലയിലാണ്. യാത്രക്കാര്‍ പോലും തീവണ്ടി റൂര്‍ക്കലയിലെത്തിയ ശേഷമാണ് വഴി തെറ്റിയ കാര്യം തിരിച്ചറിയുന്നത്. മെയ് 21ന് മുംബൈയിലെ വസായി റോഡ് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിനാണ് ഒഡീഷയിലെത്തിയത്.

അതേസമയം റൂട്ട് മാറി പോയതാണ് വഴി തെറ്റാനുള്ള കാരണമെന്നാണ് റെയിൽവേയുടെ വിശദീകരണം. തിരക്ക് ഒഴിവാക്കാനായി ബിഹാറിലേക്കുള്ള ട്രെയിനുകളും റൂർക്ക വഴി തിരിച്ചുവിട്ടിരുന്നു എന്നാണ് റെയില്‍വെ പറയുന്നത്. എന്നാൽ ലോക്കോപൈലറ്റിനു വഴി തെറ്റിയതാണെന്ന വാദം റെയിൽവേ നിഷേധിച്ചു

മഹാരാഷ്ട്രയിൽനിന്ന് വ്യാഴാഴ്ച പുറപ്പെട്ട ശ്രമിക് തീവണ്ടി 30 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിലാണ് വഴി തെറ്റി ഒഡീഷയിലെ റൂർക്കലയിലേക്കെത്തിയത്.
ഗൊരക്പൂരില്‍ നിന്ന് ഏകദേശം 750 കിലോമീറ്ററോളം ദൂരമുണ്ട് റൂര്‍ക്കേലയിലേക്ക്.

അതേസമയം, യാത്രക്കാരെ തിരിച്ച് ഗൊരഖ്പുരിലേക്ക് കൊണ്ടുപോകുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. എന്നാൽ തീവണ്ടിയുടെ സമയക്രമം സംബന്ധിച്ച വിവരങ്ങൾ റെയിൽവേ വ്യക്തമാക്കിയിട്ടില്ല.