ഇന്ത്യയിൽ ജൂണിൽ കൊറോണ കത്തിക്കയറും; ഒക്ടോബർ വരെ നിർണായകം

ന്യൂഡല്‍ഹി: രാജ്യത്ത് ജൂണ്‍ 21 നും 28 നും ഇടയില്‍ കൊറോണ കേസുകള്‍ അതിന്റെ ഉയര്‍ന്ന തോതില്‍ എത്തുമെന്ന് പഠനം. ഈ കാലയളവില്‍ പ്രതിദിനം 7,000 – 7,500 പോസിറ്റീവ് കേസുകള്‍ ഉണ്ടായേക്കാമെന്നും ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ജാദവ്പൂര്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ ബയോളജി ആന്‍ഡ് ഇക്കോളജി കോര്‍ഡിനേറ്ററും പ്രൊഫസറുമായ നന്ദദുലാല്‍ ബൈരാഗിയും മറ്റ് അഞ്ച് പേരുമാണ് പഠനം നടത്തിയത്.

ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകളുടെ എണ്ണം ജൂണ്‍ അവസാനം വരെ ഉയര്‍ന്നുകൊണ്ടിരിക്കുമെന്നും പഠനം പ്രവചിക്കുന്നു. ജൂലൈ രണ്ടാം വാരം മുതല്‍ ദിവസേന സ്ഥിരീകരിക്കുന്ന കേസുകളില്‍ കുറവ് ഉണ്ടായേക്കാമെന്നും പഠനത്തില്‍ അംഗമായിരുന്ന ജാദവ്പൂര്‍ സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍ നന്ദദുലാല്‍ ബൈരാഗി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

കൊറോണക്കെതിരായ നടപടികളും പരിശോധനയും ശക്തമാക്കിയതോടെ ഒക്ടോബറോടെ കുറയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ആകെ കൊറോണ രോഗബാധിതരുടെ എണ്ണം ഒക്ടോബര്‍ ആദ്യ വാരത്തില്‍ അഞ്ച് ലക്ഷത്തില്‍ എത്തുമെന്നും തുടര്‍ന്ന് ഇത് കുറയുന്ന പ്രവണത കാണിക്കാന്‍ തുടങ്ങുമെന്നും ബൈരാഗി പറഞ്ഞു. രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് രോഗം പകരുന്നതാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത്.