ഇന്ത്യ – നേപ്പാൾ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങൾ ഉള്‍പ്പെടുത്തി നേപ്പാൾ ഭൂപടം ; നിയന്ത്രണം തിരികെ പിടിക്കുമെന്ന് നേപ്പാൾ

കാഠ്മണ്ഡു:  ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങളെ നേപ്പാൾ അവരുടെ സ്വന്തം ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെ ഇവയുടെ നിയന്ത്രണം തിരികെ പിടിക്കുന്നതിനായി നയതന്ത്ര സമ്മർദ്ദം ശക്തിപ്പെടുത്തുമെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി വ്യക്തമാക്കി.നിലവില്‍ ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ലിംപിയാധുര, ലിംപുലേഖ്, കാലാപാനി എന്നീ മേഖലയാണ് നേപ്പാള്‍ ഭൂപടത്തില്‍ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്ന തരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

അതിർത്തി തർക്കം സംബന്ധിച്ച് പാർലമെന്റ് അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് പ്രദേശങ്ങൾക്ക് മേലുള്ള അവകാശം വീണ്ടും നേപ്പാൾ പ്രധാനമന്ത്രി ഉയർത്തിയത്. ഈ വിഷയത്തിൽ നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് പ്രദേശങ്ങളുടെ മേലുള്ള അവകാശം സ്ഥാപിച്ചെടുക്കുമെന്നും കെ.പി. ശർമ ഒലി വ്യക്തമാക്കി.

അന്താരാഷ്ട്ര അതിര്‍ത്തി നിയമലംഘനത്തിന് നേപ്പാള്‍ ക്യാബിനറ്റാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യയും നേപ്പാളും തമ്മില്‍ അടച്ചുകെട്ടാത്ത 1800 കിലോ മീറ്റര്‍ അതിര്‍ത്തിയാണ് പങ്കുവയ്ക്കുന്നത്. തർക്കപ്രദേശങ്ങളായ ലിംപിയാധുര, ലിപുലേഖ്, കാലാപാനി എന്നിവ ഉൾപ്പെടുന്ന പുതിയ രാഷ്ട്രീയ ഭൂപടം നേപ്പാൾ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഈ ഭൂപടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിനായി നേപ്പാളിന്റെ ഭരണഘടന ഭേദഗതി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു

അതേസമയം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ ഇതിനെ കുറിച്ച് അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് ദേശീയവാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത.