ന്യൂഡെല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണ്‍ ആയി മാറിയതായി കാലാവസ്ഥാ വകുപ്പ്. പശ്ചിമബംഗാളിനും ബംഗ്ലാദേശിനും നേര്‍ക്കു നീങ്ങുന്ന കാറ്റ് മറ്റന്നാള്‍ കരയില്‍ വീശയടിക്കുമെന്നാണ് പ്രവചനം.
കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രുപം കൊണ്ട ഉംപുന്‍ സൂപ്പര്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്.
ചൊവ്വാഴ്ച കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ബുധനാഴ്ച കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍ ,പാലക്കാട്,മലപ്പുറം
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളതീരത്ത് നിന്ന് മല്‍സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
ബംഗാള്‍ ഉള്‍ക്കടലില്‍ ഈ നൂറ്റാണ്ടില്‍ രൂപം കൊള്ളുന്ന ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉംപുന്‍. 264 കിലോമീറ്റര്‍ വരെ അതിവീവ്ര ശക്തി കൈവരിക്കുന്ന കാറ്റ് ദിഘ, ഹാതിയ ദ്വീപുകളില്‍ കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചുഴലിക്കറ്റിന്റെ പ്രതിഫലനമായി നിരവധി സംസ്ഥാനങ്ങളില്‍ മഴയുണ്ടാവും. ഒഡിഷയില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാവുമെന്നാണ് പ്രവചനം. മുന്‍കരുതല്‍ നടപടിയായി സംസ്ഥാനത്ത് സര്‍ക്കാര്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി.