ന്യൂഡല്‍ഹി : കൂടുതല്‍ ഇളവുകളോടെ ഇന്ത്യ നാലാം ഘട്ട ലോക്ക് ഡൗണിലേക്ക് 18 ന് പ്രവേശിക്കും. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും. കൊറോണ വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാലാംഘട്ട ലോക്ക്ഡൗണിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറങ്ങിയേക്കും.
ഗ്രീന്‍ സോണിൽ ചെറിയ നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകൂ. ഓറഞ്ച് സോണിലും പരിമിതമായ നിയന്ത്രണങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. റെഡ്‌സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍ തുടങ്ങിയവയ്ക്ക് ഇളവ് നല്‍കിയേക്കും. തുണിക്കടകൾക്കും മാളുകൾക്കും സിനിമാ തീയേറ്ററുകൾക്കും ഗ്രീൻ സോണിൽ നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി നൽകിയേക്കും. ഹോട്ടലുകളിൽ നിബന്ധനകളോടെ ഇരുന്ന് കഴിക്കാൻ അനുവദിക്കുമെന്നറിയുന്നു.
നാലാംഘട്ടത്തില്‍ പൊതുഗതാഗതത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്നാണ് സൂചന. പ്രത്യേക ട്രെയിന്‍സര്‍വീസ് തുടങ്ങിയ പശ്ചാത്തലത്തില്‍ ബസ് സര്‍വീസുകളും ആഭ്യന്തര വിമാന സര്‍വീസുകളും പുനരാരംഭിച്ചേക്കും. മെട്രോ സര്‍വീസുകള്‍ക്കും പച്ചക്കൊടി കാണിക്കുമെന്നാണ് വിവരം. ഹോട്ട്‌സ്‌പോട്ടുകള്‍ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും.
അതേസമയം കണ്ടെയ്ന്‍മെന്റ് ഏരിയകളില്‍ കര്‍ശന നിയന്ത്രണം തുടരും.