മുസ്‌ലിം പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുത്; അലഹബാദ് ഹൈക്കോടതി

അലഹബാദ്: മുസ്‌ലിം പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. ബാങ്ക് വിളിക്കാൻ ലൗഡ് സ്പീക്കറിന് പകരം മനുഷ്യശബ്ദം ഉപയോഗിക്കണമെന്നും കോടതി വിധിച്ചു. നിര്‍ബന്ധമായി ബാങ്ക് വിളി കേള്‍പ്പിക്കുന്നത് വ്യക്തികളുടെ പൗരാവകാശം കവരുന്നതിന് തുല്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ ശശികാന്ത് ഗുപ്ത, അജിത് കുമാർ എന്നിവരാണ് വിധി പറഞ്ഞത്.

മൈക്കോ ലൗഡ്‌സ്പീക്കറോ ഉപയോഗിക്കാതെ ബാങ്ക് വിളിക്കുന്നത് സംസ്ഥാനത്തെ കൊറോണ മാർഗ നിർദേശങ്ങൾ തടയുന്നില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ലൗഡ് സ്പീക്കറോ ആംപ്ലിഫയർ ഡിവൈസുകളോ ഉപയോഗിക്കാൻ പാടില്ലെന്നും ഇത് സംബന്ധിച്ച നിയമങ്ങൾ പള്ളികൾ കർശനമായി പാലിക്കണമെന്നും കോടതി നിർദേശിച്ചു.

ഖാസിപുരിലെ ബാങ്ക് വിളി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഖാസിപുര്‍ ബി.എസ്.പി എം.പി അഫ്‌സല്‍ അന്‍സാരി നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിവിധി.

ബാങ്ക് വിളി ഇസ്ലാം മതത്തില്‍ അത്യന്താപേക്ഷികമാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കണമെന്നതിന് മതഗ്രന്ഥങ്ങളിൽ പറയുന്നില്ല. അതുകൊണ്ടുതന്നെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന്റെ ഗണത്തില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് ബാങ്ക് വിളിക്കുന്നതിനെ പെടുത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു.