യുവജനങ്ങൾ മൂന്ന് വര്‍ഷത്തെ സൈനിക സേവനം നടത്തണം: ഇന്ത്യൻ സേന


ന്യൂഡൽഹി : രാജ്യത്തെ എല്ലാ യുവജനങ്ങളോടും മൂന്ന് വര്‍ഷത്തെ ടൂര്‍ ഓഫ് ഡ്യൂട്ടി(ടി.ഒ.ഡി) സൈനിക സേവനം നടത്തണമെന്നാവിശ്യപെട്ടു ഇന്ത്യൻ സേന. എന്നാൽ ഇതൊരു നിര്‍ബന്ധിത സൈനിക സേവനമെന്ന നിലയിലല്ലെന്നും സൈന്യം വ്യക്തമാക്കി. സേനയിലെ ചിലവുകള്‍ കുറച്ച് ആ തുക സേനയുടെ ആധുനികവല്‍ക്കരണത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തിലാണ് സൈന്യം ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്

മൂന്ന് വര്‍ഷം സൈനികസേവനം നടത്തുന്നവര്‍ക്ക് കുറഞ്ഞ ചിലവ് മാത്രമേ വരുന്നുള്ളൂവെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍. സാധാരണ സൈനികർക്ക് അധിക ആനുകൂല്യങ്ങളും ദീര്‍ഘകാല പെന്‍ഷനുകളും സേന അനുവദിക്കുന്നുണ്ട്. ഇത് വലിയൊരു ചിലവാണ്. 10-14 വര്‍ഷത്തെ സേവനം നടത്തുന്ന സൈനികര്‍ക്ക് ഏതാണ്ട് 5.12 കോടി മുതല്‍ 6.83 കോടിരൂപവരെയാണ് ചിലവ് കണക്കാക്കുന്നത്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ഈ തുക 50-60% കൂടി വര്‍ധിക്കുകയും ചെയ്യും. എന്നാൽ മൂന്ന് വര്‍ഷം സൈനിക സേവനം നടത്തുന്നവര്‍ക്ക് പരമാവധി 80-85 ലക്ഷം രൂപയാണ് ചിലവ് മാത്രമാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം മൂന്ന് വര്‍ഷത്തേക്ക് സൈനികരാകുന്നവര്‍ക്കും സെലക്ഷൻ മാനദണ്ഡങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാകില്ല. തുടക്കത്തിൽ 100 ​​ഉദ്യോഗസ്ഥരെയും 1,000 പുരുഷന്മാരെയും പദ്ധതിയുടെ ഭാഗമായി നിയമിക്കാനാണ് ആലോചിക്കുന്നതെന്ന് കരസേന വക്താവ് കേണൽ അമാൻ ആനന്ദ് പറഞ്ഞു. സാധാരണ സൈനികരെ അപേക്ഷിച്ച് മൂന്നു വര്‍ഷത്തേക്ക് സൈനിക സേവനത്തിനെത്തുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളമായിരിക്കും നല്‍കുക. എന്നാല്‍ മറ്റ് ആനുകൂല്യങ്ങളോ പെന്‍ഷനോ വിരമിച്ച ശേഷമുള്ള ആരോഗ്യ ഇന്‍ഷുറന്‍സോ നല്‍കില്ല. അതുകൊണ്ടുതന്നെ തന്നെ ഇവരുടെ ചെലവ് വളരെ കുറവായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. കൂടാതെ മൂന്ന് വർഷം സേവനം അനുഷ്ഠിച്ച് വിരമിച്ച ശേഷം പൊതുമേഖല- കോര്‍പറേറ്റ് തൊഴിലുകളില്‍ ഇവര്‍ക്ക് പ്രത്യേകം പരിഗണന നല്‍കണമെന്നും ശുപാര്‍ശയുണ്ട്.