അഭിഭാഷകരുടെ ഡ്രസ് കോഡിൽ ഇളവ്; വെള്ള ഷർട്ടും കറുപ്പോ വെളുപ്പോ പാന്റ്സും പുതിയ ഡ്രസ് കോഡ്

ന്യൂഡൽഹി : അഭിഭാഷകരുടെ ഡ്രസ് കോഡിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ. കൊറോണയുടെ പശ്ചാതലത്തിൽ അഭിഭാഷകരുടെ വസ്ത്രമായ ഗൗൺ, റോബ് എന്നിവയിലൂടെ വൈറസിന്റെ വ്യാപനം ഉണ്ടാകുമെന്നു അഭിഭാഷകർ നേരത്തെ അഭിപ്രായപെട്ടിരുന്നു. ഇതു സംബന്ധിച്ചു
വിദഗ്‌ധോപദേശം ലഭിച്ചതിനെ തുടർന്നാണ് ഡ്രസ് കോഡിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതെന്നാണ് ബോബ്ഡെ അറിയിച്ചത്.

ഇനി മുതൽ വെള്ള ഷർട്ടും കറുത്തതോ വെളുത്തതോ ആയ പാന്റ്സും ആകും പുതിയ ഡ്രസ് കോഡ്. ഇത് സംബന്ധിച്ച നിർദേശം ഉടൻ പുറത്ത് ഇറക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അറിയിച്ചു. കോടതി നടപടികളിൽ പങ്കെടുക്കുമ്പോൾ ഏതെല്ലാം ജഡ്ജിമാരും അഭിഭാഷകരും ഡ്രസ്‌കോഡ് പാലിക്കേണ്ടതില്ലെന്ന കാര്യത്തിൽ ഉടൻ നിർദേശം പുറപ്പെടുവിക്കുമെന്നും ബോബ്‌ഡെ വ്യക്തമാക്കി.

ജഡ്ജിമാരുടെയും, അഭിഭാഷകരുടെയും ഗൗണും റോബ്സും കൊളോണിയൽ കാലത്തെ വസ്ത്രധാരണ രീതി ആണെന്നും ഇത് മാറ്റണം എന്ന ആവശ്യം പല തവണ ഉയർന്നിരുന്നു.

കൊറോണ വ്യാപനത്തെ തുടർന്ന് പല കേസുകളും വീഡിയോ കോൺഫറൻസിംഗ് വഴിയാണ് വാദംകേട്ടുകൊണ്ടിരുന്നത്. ഇതിനിടയിൽ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയും ജസ്റ്റിസുമാരായ ഇന്ദുമൽഹോത്ര, ഹൃഷികേഷ് റോയ് എന്നിവരും എന്തുകൊണ്ടാണ് റോബുകൾ ധരിക്കാത്തതെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ ഇപ്പോൾ രംഗത്ത എത്തിയത്.