ബെംഗലൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ വസതിയില്‍ സി.ബി.ഐ റെയ്ഡ്. സുപ്രധാന രേഖകള്‍ പിടിച്ചെടുത്തെന്ന് സി.ബി.ഐ വ്യക്തമാക്കി. ശിവകുമാറിന്റെ സ്വദേശമായ കനകപുരയിലെ വസതിയില്‍ ഇന്നലെ വൈകിട്ടും രാത്രിയുമായാണ് പരിശോധന നടന്നത്. നേരത്തെ രജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടായിരുന്നു സി.ബി.ഐ റെയ്ഡ്.
വീടിന്റേയും ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള മറ്റു വസ്തുവകകളുടെയും രേഖകളാണ് പരിശോധിച്ചത് എന്നാണ് അദ്ദേഹത്തിന്റെ ഓഫിസ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. സി.ബി.ഐ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചിരുന്നുവെന്നും തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ശിവകുമാര്‍ പ്രതികരിച്ചു.
‘ഞാന്‍ നിയമത്തെ ബഹുമാനിക്കുന്നു. അവര്‍ ചോദിച്ച രേഖകളെല്ലാം ഞാന്‍ സമര്‍പ്പിച്ചു. എന്നിട്ടും അവര്‍ എന്റെ വസതി പരിശോധിച്ചു. നിരവധി പേരാണ് അനധികൃത സ്വത്ത് സമ്പാദന ആരോപണം നേരിടുന്നത്. പക്ഷേ എന്റെ കേസില്‍ മാത്രമാണ് സി.ബി.ഐക്ക് താല്‍പര്യം. എന്റെ കാര്യം മാത്രം അന്വേഷിക്കുന്നത് എന്തുകൊണ്ടാണ്? ഞാന്‍ മാനസിക പീഡനമാണ് അനുഭവിക്കുന്നത്.’ ശിവകുമാര്‍ പറഞ്ഞു.
അനധികൃത സ്വത്തു സമ്പാദനക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള എഫ്.ഐ.ആറിനെ എതിര്‍ത്തുകൊണ്ട് ശിവകുമാര്‍ കോടതിയെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ സമയം നീട്ടിച്ചോദിച്ചതിന് പിന്നാലെയാണ് റെയ്ഡ്. 2020-ലാണ് സി.ബി.ഐ ശിവകുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നുമാണ് കോടതിയെ സി.ബി.ഐ അറിയിച്ചത്.