ഇസ്താംബുള്‍: കണ്ടെയ്നറുകള്‍ ഇറക്കുന്നതിനിടെ കൂറ്റന്‍ കപ്പല്‍ തുര്‍ക്കിയിലെ തുറമുഖത്ത് മുങ്ങി. സീ ഈഗിള്‍ എന്ന കാര്‍ഗോ കപ്പലിന്റെ ഒരു ഭാഗമാണ് മുങ്ങിയത്. കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് നിരവധി കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിപ്പോയി.
തുര്‍ക്കിയിലെ ഇസ്കെന്‍ഡറം തുറമുഖത്ത് കണ്ടെയ്നറുകള്‍ ഇറക്കുന്നതിനിടെയായിരുന്നു സംഭവം. എല്ലാ ജീവനക്കാരെയും ഉടന്‍ തന്നെ കപ്പലില്‍ നിന്ന് ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കുകളില്ല.
കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് 24 കണ്ടെയ്നറുകള്‍ നഷ്ടപ്പെട്ടു. നേരിയ എണ്ണച്ചോര്‍ച്ച കണ്ടെത്തിയിട്ടുണ്ടെന്ന് തുര്‍ക്കിയിലെ ഗതാഗത, ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രാലയം അറിയിച്ചു. 1984-ല്‍ നിര്‍മ്മിച്ച കപ്പലാണ് മുങ്ങിയത്. കപ്പലിന് സ്ഥിരതാ പ്രശ്നങ്ങളുണ്ടെന്നും സന്തുലിതമാക്കാനുള്ള ശ്രമങ്ങള്‍ കണ്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
അപകടകാരണം അന്വേഷിക്കുമെന്ന് തുറമുഖ അധികൃതര്‍ വ്യക്തമാക്കി. അതിനിടെ കണ്ടെയ്നര്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.