മുംബൈ:’അനാഥന്‍’ എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ സാമൂഹിക അപമാനമില്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. അനാഥരെ വിശേഷിപ്പിക്കാന്‍ ‘സ്വനാഥന്‍’ എന്ന വാക്ക് ഉപയോഗിക്കാന്‍ ഉത്തരവിടണമെന്ന് വ്യക്തമാക്കി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.
സ്വനാഥ് ഫൗണ്ടേഷനാണ് ഹര്‍ജി നല്‍കിയത്. പക്ഷേ കോടതി ഇത് തള്ളി. ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് മാധവ് ജാംധര്‍ എന്നിവരുടെ ബഞ്ചാണ് ഹര്‍ജി തള്ളിയത്.
മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ നേരത്തേ തന്നെ കരുതല്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ്. അനാഥന്‍ എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ നിസഹായനായ, ഇല്ലായ്മയുള്ള കുട്ടിയാണന്ന തോന്നലുണ്ടാകും. സ്വനാഥന്‍ എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ സ്വയം പര്യാപ്തതയുള്ള, ആത്മവിശ്വാസമുള്ള കുട്ടിയായി കണക്കാക്കപ്പെടും എന്നായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ച വാദം.
എന്നാല്‍, അനാഥന്‍ എന്ന വാക്ക് കാലങ്ങളായി ഉപയോഗിക്കുന്നതാണെന്നു കോടതി ചൂണ്ടിക്കാട്ടി. അതു മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സാമൂഹിക അപമാനമാകുമെന്ന വാദത്തോടു യോജിക്കുന്നില്ല. അതു മാറ്റേണ്ട ആവശ്യവുമില്ല. സന്നദ്ധ സംഘടനയുടെ പേരായ സ്വനാഥന്‍ എന്ന വാക്ക് ഉപയോഗിക്കുകയാണോ വേണ്ടതെന്നും ഹര്‍ജിക്കാരനോടു കോടതി ചോദിച്ചു.
അനാഥന്‍ എന്നുപയോഗിക്കുന്നതില്‍ എന്ത് അപമാനമാണുള്ളത്. ഇംഗ്ലീഷ് വാക്ക് ഓര്‍ഫന്‍ എന്നാണ്. ഹിന്ദി, മറാഠി, ബംഗാളി ഭാഷയിലൊക്കെ അനാഥന്‍ എന്ന വാക്കിന്റെ പര്യായം ആണ് ഉപയോഗിക്കുന്നത്. വാക്ക് മാറ്റണമെന്നു പറയാന്‍ ഹര്‍ജിക്കാരന്‍ ആരാണെന്നും ഭാഷയെക്കുറിച്ച് അയാള്‍ക്ക് എന്തറിയാമെന്നും കോടതി ചോദിച്ചു.