ചെന്നൈ: എ.ഐ.എ.ഡി.എം.കെയിലെ അധികാരത്തര്‍ക്കത്തില്‍ ഒ.പനീര്‍സെല്‍വത്തിന് തിരിച്ചടി. എടപ്പാടി പളനിസാമിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജൂലൈ 11-ലെ ജനറല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവും ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി.
ഓഗസ്റ്റ് 17-നാണ് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജൂലൈ 11-ലെ ജനറല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. പനീല്സെല്വത്തെയും ഒ.പി.എസ് പക്ഷത്തുള്ളവരെയും പുറത്താക്കിയത് അടക്കം ജൂലൈ 11-ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ എടുത്ത എല്ലാ തീരുമാനങ്ങളും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.
പനീല്‍സെല്‍വം പാര്‍ട്ടിയുടെ കോര്‍ഡിനേറ്ററായും പളനിസാമി സഹകോര്ഡിനേറ്ററായും തുടരും. ജനറല്‍ കൗണ്‍സില്‍ യോഗത്തിന് മുമ്പുള്ള സ്ഥിതി നിലനില്‍ക്കുമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ ഇപിഎസ് വിഭാഗം സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന് ബെഞ്ചിന്റെ വിധി.
എടപ്പാടി പളനിസാമിയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ച ജനറല്‍ കൗണ്‍സില്‍ തീരുമാനത്തെ ഡിവിഷന് ബെഞ്ച് ശരിവെച്ചു. പളനിസാമിക്ക് ജനറല്‍ സെക്രട്ടറിയായി തുടരാം. ജൂലൈ 11-ലെ ജനറല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ നിലനില്‍ക്കുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.