18 തികഞ്ഞില്ലെങ്കിലും പെണ്‍കുട്ടിക്ക് മുസ്‌ലിം വ്യക്തിനിയമപ്രകാരം വിവാഹിതയാകാം; രക്ഷിതാക്കളുടെ അനുമതി ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡെല്‍ഹി: 18 വയസ്സ് തികഞ്ഞില്ലെങ്കിലും മുസ്‌ലിം വ്യക്തിനിയമപ്രകാരം ഋതുമതിയായ ഒരു പെണ്‍കുട്ടിയ്ക്ക് വിവാഹിതയാകാമെന്നും അതിന് മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ലെന്നും ഡല്‍ഹി ഹൈക്കോടതി. ഇവിടെ നിയമപ്രകാരം വിവാഹിതരായ ദമ്പതികളെ വേര്‍പിരിയ്ക്കാന്‍ ഭരണകൂടത്തിന് അധികാരമില്ല. ദമ്പതികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറി അവരെ വേര്‍പിരിയ്ക്കാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്മീത് സിങ്ങ് ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകും മുമ്പെ വിവാഹിതയായ മുസ്‌ലിം പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പതിനഞ്ച് വയസ്സില്‍ യുവാവിനൊപ്പം നാടുവിട്ടു വിവാഹിതയായ പെണ്‍കുട്ടി ഇപ്പോള്‍ ഗര്‍ഭിണിയാണ്. ഇവരെ വേര്‍പിരിയ്ക്കാന്‍ വീട്ടുകാര്‍ ശ്രമം ശക്തമാക്കിയപ്പോഴാണ് സുരക്ഷ തേടി പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.

മുസ്‌ലിം വ്യക്തിനിയമം പ്രകാരം പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഋതുമതിയായ പെണ്‍കുട്ടിയ്ക്ക് വിവാഹിതയാകാം. അതിനു മാതാപിതാക്കളുടെ അനുമതി ആവശ്യമില്ല. നിയമപ്രകാരം വിവാഹിതരായ ദമ്പതികളെ ബലം പ്രയോഗിച്ച് വേര്‍പിരിയ്ക്കാനാവില്ല. ഒന്നിച്ചിരിക്കുകയെന്നത് വിവാഹത്തില്‍ പ്രധാനമാണ്. വേര്‍പിരിക്കുന്നത് പെണ്‍കുട്ടിയേയും അവര്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനെയും ബാധിക്കും. പെണ്‍കുട്ടിയെ സംരക്ഷിക്കുക എന്നതാണ് ഇവിടെ സ്റ്റേറ്റിന് ചെയ്യാനുള്ളതെന്ന് കോടതി വ്യക്തമാക്കി.

പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. അതില്‍ കടന്നുകയറാന്‍ സ്‌റ്റേറ്റിന് അധികാരമില്ല. വിവാഹത്തിനു മുമ്പേ ഭര്‍ത്താവ് പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന വാദം കോടതി തള്ളി. അവര്‍ ഇപ്പോള്‍ വിവാഹം ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്നു. അവര്‍ ഒന്നിച്ചു താമസിക്കുകയും സ്വാഭാവികമായും ശാരീരികമായി ബന്ധപ്പെടുകയും ചെയ്യുന്നു. വിവാഹത്തിനു മുമ്പ് ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടെന്ന വാദത്തെ സാധൂകരിക്കാന്‍ തെളിവുകളൊന്നുമില്ല. അതുകൊണ്ടുതന്നെ ചൂഷണം ചെയ്‌തെന്ന വാദത്തില്‍ കഴമ്പില്ലെന്നും കോടതി വിശദീകരിച്ചു.